തൃശ്ശൂർ: തൃശ്ശൂരിൽ കിണറ്റിൽ വീണ പെരുമ്പാമ്പിനെ സാഹസികമായി രക്ഷപ്പെടുത്തി വനംവകുപ്പ് ജീവനക്കാരൻ. പട്ടിക്കാട്ട് കിണറ്റിൽ വീണ പാമ്പിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പാമ്പ് ദേഹത്ത് ചുറ്റിയെങ്കിലും പാമ്പിനെ രക്ഷിക്കാനുള്ള ഫോറസ്റ്റ് വാച്ചറായ ഷഖിലിന്‍റെ ശ്രമം ധൈര്യപൂര്‍വം തുടര്‍ന്നു.

ഇതിനിടെ പാമ്പുമായി കിണറ്റിൽ വീണെങ്കിലും കരയിലെത്തിച്ച ശേഷമേ ഷഖിൽ പിന്‍വാങ്ങിയൂള്ളൂ. പെരുമ്പാമ്പിനെ പുറത്തെടുക്കുന്ന വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴി‍ഞ്ഞു. പാമ്പിനെ രക്ഷിക്കാൻ സ്വമേധയാ കിണറ്റിൽ ഇറങ്ങിയതാണെന്ന് ഫോറസ്റ്റ് വാച്ചർ ഷഖിൽ പറഞ്ഞു.

പാരമ്പര്യ വൈദ്യ കുടുംബത്തിൽ നിന്ന് വരുന്നതിനാൽ പാമ്പുകളെ പേടിയില്ലെന്നും ഷഖിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു. നാൽപ്പതടിയിലേറെ ആഴമുള്ള കിണറ്റിലേക്കാണ് പാമ്പിനെ പിടികൂടാന്‍ ഷഖിൽ വടവുമായി ഇറങ്ങിയത്. കിണറ്റിലെ മണ്ണിടിഞ്ഞ ദ്വാരത്തിനുള്ളിലായിരുന്ന പാമ്പിനെ വടത്തിൽ പിടിച്ച് കൈക്കലാക്കി.

മുകളിലേക്ക് കയറുന്നതിനിടെ പാമ്പ് ഷഖിലിന്‍റെ ദേഹത്ത് വരിഞ്ഞു മുറുക്കി. എങ്കിലും ധൈര്യം കൈവിടാതെ ശ്രമം തുടര്‍ന്നു. പാമ്പുമായി മുകളിലേക്ക് കയറുന്നതിനിടെ പിടുത്തം വിട്ട് കിണറിലേക്ക് വീണു. വീഴ്ചയിലും പാമ്പിനെ കൈവിട്ടില്ല. ഒടുവില്‍ പാമ്പുമായി കരയില്‍ കയറി. പാമ്പിനെ പിന്നീട് പീച്ചി വനത്തിലേക്ക് വിട്ടു.