പാർട്ടി നിശ്ചയിച്ച സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ മുൻ എം എൽ എ എസ് രാജേന്ദ്രൻ ശ്രമിച്ചെന്ന കണ്ടെത്തലിലാണ് അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് നടത്തിയത്
ഇടുക്കി: പാർട്ടിയുടെ അന്വേഷണത്തിൽ മാധ്യമങ്ങളെ പഴിചാരി മുൻ എം എൽ എ എസ് രാജേന്ദ്രൻ. എല്ലാം മാധ്യമങ്ങൾ കെട്ടിച്ചമച്ച ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ സൃഷ്ടിയിൽ പാർട്ടി അന്വേഷണം നടത്തുമോയെന്ന ചോദ്യത്തിന് എന്നാൽ രാജേന്ദ്രൻ മറുപടി നൽകിയില്ല.
പാർട്ടി നിശ്ചയിച്ച സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ മുൻ എം എൽ എ എസ് രാജേന്ദ്രൻ ശ്രമിച്ചെന്ന കണ്ടെത്തലിലാണ് അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് നടത്തിയത്. രാവിലെ മൂന്നാറിലെ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടത്തിൽ സി വി വർഗീസ്, വി എൻ മോഹനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
രാവിലെ 10 മണിക്ക് ആരംഭിച്ച തെളിവെടുപ്പ് ഉച്ചയോടെയാണ് അവസാനിച്ചത്. തുടർന്ന് പുറത്തിറങ്ങിയ രാജേന്ദ്രൻ തനിക്കെതിരെ ചില മാധ്യമങ്ങൾ കെട്ടിച്ചമച്ച ആരോപണങ്ങളാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന് പറഞ്ഞു. മാധ്യമവാർത്തകളുടെ പേരിൽ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. എല്ലാം അന്വേഷണ കമ്മീഷൻ മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
