Asianet News MalayalamAsianet News Malayalam

'പരിശുദ്ധിയുടെ പാൽരുചി' എന്ന് പരസ്യം; പരിശോധിച്ചപ്പോള്‍ പാലില്‍ ഹൈഡ്രജൻ പെറോക്സൈഡ്!

ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ നിർദ്ദേശത്തിലായിരുന്നു അതിർത്തിയിൽ പരിശോധന നടത്തിയത്. പാൽ നൂറനാട് ഇടപ്പോൺ ഐരാണിക്കുടിയിലുള്ള അഗ്രിസോഫ്ട് ഡയറി ആൻഡ് അഗ്രോ പ്രൊഡ്യൂസിംഗ് കമ്പനിയിലേക്ക് കൊണ്ടു വന്നതാണെന്ന് ലോറിയിലുണ്ടായിരുന്ന ജീവനക്കാർ മൊഴി നൽകി

found hydrogen per oxide in sabari milk
Author
First Published Jan 12, 2023, 7:35 PM IST

ചാരുംമൂട്: തമിഴ്‌നാട്ടിൽ നിന്ന് നൂറനാട് ഇടപ്പോണുള്ള പാൽ വിതരണ കമ്പനിയിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ ആര്യങ്കാവിൽ പിടികൂടിയ സംഭവത്തിൽ പരിശോധനയും അന്വേഷണവും ഊർജിതമാക്കാൻ മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. ടാങ്കറിൽ കൊണ്ടുവന്ന 15,300 ലിറ്റർ പാലാണ് ഇന്ന് ആര്യങ്കാവ് ചെക്പോസ്റ്റിന് സമീപം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. പ്രാഥമിക പരിശോധനയിൽ പാലിൽ മായം കണ്ടെത്തുകയായിരുന്നു.

ഹൈഡ്രജൻ പെറോക്സൈഡ് ആണ് പാലിൽ കലർത്തിയിരുന്നത്. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ നിർദ്ദേശത്തിലായിരുന്നു അതിർത്തിയിൽ പരിശോധന നടത്തിയത്. പാൽ നൂറനാട് ഇടപ്പോൺ ഐരാണിക്കുടിയിലുള്ള അഗ്രിസോഫ്ട് ഡയറി ആൻഡ് അഗ്രോ പ്രൊഡ്യൂസിംഗ് കമ്പനിയിലേക്ക് കൊണ്ടു വന്നതാണെന്ന് ലോറിയിലുണ്ടായിരുന്ന ജീവനക്കാർ മൊഴി നൽകി. ശബരി എന്ന പേരിൽ പാലും പാലുൽപ്പന്നങ്ങളും വിതരണം ചെയ്യുന്ന കമ്പനി പ്രവർത്തിക്കുന്നത് ഇടപ്പോൺ നൂറനാട് റോഡിൽ ഐരാണിക്കുടിയിലാണ്. ഇവിടെ ഉദ്യോഗസ്ഥർ നാളെ പരിശോധന നടത്തും.

പാലിന്റെ ഗുണനിലവാരം പരിശോധിച്ച ശേഷം കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കടകളിലൂടെയുള്ള വിപണനത്തിന് പുറമേ നേരിട്ടും വീടുകളിലും ഇവർ ഏജന്‍റുമാര്‍ വഴി പാൽ വിതരണം നടത്തുന്നുണ്ട്. ആകർഷകമായ കമ്മീഷനാണ് ഇവരുടെ പ്രത്യേകത. മിൽമ പാക്കറ്റ് പാലിന് ചെറുകിട വ്യാപാരികൾക്ക് കമ്മീഷൻ നൽകുന്നത് ഒരു രൂപയിൽ താഴെയാണ്. എന്നാൽ ശബരിക്ക് അത് മൂന്നു രൂപ വരെ ലഭിക്കും. അതിനാൽ തന്നെ വ്യാപാരികൾ ഈ പാൽ വിൽക്കാൻ താൽപര്യം കാണിക്കുന്നുണ്ട്.

മുമ്പ് മേന്മ എന്ന പേരിലാണ് കമ്പനി പാൽ ഇറക്കിയിരുന്നത്. നിയമ പ്രശ്നങ്ങളായതോടെയാണ് ശബരി എന്ന പേരിലേക്ക് മാറ്റിയത്. വീടുകളിൽ പാൽ നേരിട്ട് വിതരണം ചെയ്യുന്ന രീതിയും ഇവർക്കുണ്ട്. ജീപ്പിലും പിക്കപ്പ് വാനിലുമായി പാൽ വീട്ടുമുറ്റത്ത് എത്തിച്ച് അളന്ന് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. വീട്ടുപടിക്കൽ പാൽ എത്തുമെന്നതിനാൽ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇത് വ്യാപകമായി വിതരണം ചെയ്തിരുന്നു. പന്തളം ഫാമിലെ പശുവിന്‍റെ പാൽ എന്ന ലേബലിലായിരുന്നു വിൽപ്പന. പരിശുദ്ധിയുടെ പാൽരുചി എന്ന പരസ്യവാചകം കൂടിയായതോടെ വിൽപ്പനയും വർധിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios