കെഎസ്എഫ്ഇ തുറവൂർ ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വെച്ച് 1,40,000 രൂപ തട്ടിയെടുത്ത മൂന്നംഗ സംഘത്തെ കുത്തിയതോട് പൊലീസ് പിടികൂടി. സ്വർണത്തിൽ ചെമ്പ് കയറ്റി സ്വർണ്ണനൂലുകൾ കൊണ്ട് പൊതിഞ്ഞ്, കണ്ടെത്താൻ പ്രയാസമുള്ള രീതിയിലായിരുന്നു തട്ടിപ്പ് നടത്തിയത്. 

തുറവൂർ: കെഎസ്എഫ്ഇ തുറവൂർ ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ പ്രതികളെ ദിവസങ്ങൾക്കുള്ളിൽ കുത്തിയതോട് പൊലീസ് പിടികൂടി. എറണാകുളം രായമംഗലം പഞ്ചായത്ത് പുല്ലുവഴി കാളംമാലിയിൽ എൽദോ വർഗീസ്, പുല്ലുകുഴി ഞെഴുവങ്കൻ വീട്ടിൽ ജിബി (48), വാരപ്പെട്ടി പാറയിൽകുടി ചാലിൽ ബിജു സി എ (48) എന്നിവരാണ് പിടിയിലായത്. ഡിസംബർ 17ന് ഉച്ചയ്ക്ക് 2.45ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. കുത്തിയതോട് സ്വദേശി മത്തായി വർഗീസ് എന്ന വ്യാജപേരിലെത്തിയ എൽദോ വർഗീസ് രണ്ട് മുക്കുപണ്ട വളകൾ പണയം വെച്ച് 1,40,000 രൂപ തട്ടിയെടുക്കുകയായിരുന്നു.

ഭിന്നശേഷിക്കാരനായി അഭിനയിച്ചാണ് എൽദോ വർഗീസ് ബാങ്കിലെത്തിയത്. സംസാരിക്കാൻ പ്രയാസമുള്ളതുപോലെ പെരുമാറിയ ഇയാൾക്കൊപ്പം സഹായിയെന്ന നിലയിൽ ജിബിയും ഉണ്ടായിരുന്നു. ബിജു മൊബൈൽ ആപ്പ് വഴി നിർമ്മിച്ച വ്യാജ ആധാർ കാർഡാണ് തിരിച്ചറിയൽ രേഖയായി നൽകിയത്. അപ്രൈസറുടെ പ്രാഥമിക പരിശോധനയിൽ തട്ടിപ്പ് കണ്ടെത്താനായില്ലെങ്കിലും പിന്നീട് ബ്രാഞ്ച് മാനേജർ നടത്തിയ വിശദമായ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിൽ നാല് പവൻ ചെമ്പ് കയറ്റി സ്വർണ്ണനൂലുകൾ കൊണ്ട് പൊതിഞ്ഞാണ് ഇവർ ആഭരണം നിർമ്മിച്ചിരുന്നത്. ലായനിയിൽ ഇട്ടാലോ ഉരച്ചു നോക്കിയാലോ തിരിച്ചറിയാൻ പ്രയാസമുള്ള രീതിയിലായിരുന്നു ആഭരണ നിർമ്മാണമെന്നും പ്രതികൾ സമ്മതിച്ചു.

പ്രതികൾക്കെതിരെ എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലായി ഇരുപതോളം മുക്കുപണ്ട പണയ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കുത്തിയതോട് പൊലീസ് സബ് ഇൻസ്പെക്ടർ ബജിത്ത് ലാൽ, സിവിൽ പൊലീസ് ഓഫിസര്‍മാരായ വിജേഷ്, അമൽരാജ്, സാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.