മാന്നാർ:  മാന്നാർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് തകര്‍ത്ത കേസില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍. കുരട്ടിക്കാട് നന്ദനം വീട്ടിൽ രമേശൻ (38), കുരട്ടിക്കാട് സരോവരം വീട്ടിൽ രാഹുൽ (28), കുരട്ടിശേരി തെക്കും തലയിൽ വിഷ്ണുപ്രസാദ് (24), എണ്ണക്കാട് ലക്ഷം വീട് കോളനിയിൽ മണികുട്ടൻ (33). എന്നിവരെയാണ് മാന്നാര്‍ സി ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തതത്.

ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ നവംബർ 19 ന് ബിജെപി - ആര്‍എസ്എസ് സംഘടനകള്‍ മാന്നാർ പൊലീസ് സ്റ്റേഷനിലേക്ക്  മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ചിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് തല്ലിത്തകര്‍ത്തത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി ഒരുമണിക്ക് 50 ഓളം വരുന്ന സംഘം മാരകായുധങ്ങളുമായി പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറി അസഭ്യവാക്കുകള്‍ പറഞ്ഞ് സ്റ്റേഷന്‍ പരിസരത്ത് കിടന്നിരുന്ന പൊലീസ് ജീപ്പിന്റെ മുന്‍വശത്തെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നു. തടയാനെത്തിയ എസ്‌ഐയെയും പൊലീസിനെയും പാറാവ്കാരനെയും സംഘം ആക്രമിക്കാന്‍ ശ്രമം നടത്തി. പിന്നീട് സിഐ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സംഘമെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. 

അക്രമ സംഭവുമായി ബന്ധപ്പെട്ട് എണ്ണയ്ക്കാട് കൊട്ടാരത്തില്‍ വടക്കേതില്‍ കൃഷ്ണന്‍കുട്ടി നായരുടെ മകന്‍ സതീഷ് കൃഷ്ണന്‍ (31), എണ്ണയ്ക്കാട് ഗ്രാമം കമലാ ഭവനില്‍ ശിവരാമന്‍ പിള്ളയുടെ മകന്‍ ഗോപകുമാര്‍ (49), എണ്ണയ്ക്കാട് നെടുംചാലില്‍ സുകുമാരന്‍ മകന്‍ ശ്രീകുമാര്‍ (42), ഇരമത്തൂര്‍ കണിച്ചേരിയില്‍ ഗോപിനാഥന്‍ മകന്‍ ശ്രീജേഷ് (37), മാന്നാര്‍ കുരട്ടിക്കാട് അരുണ്‍ നിവാസില്‍ ഹരിദാസന്‍ നായരുടെ മകന്‍ അരുണ്‍കുമാര്‍ (35) മാന്നാർ കുരട്ടിക്കാട് മാമ്പറ്റയിൽ വീട്ടിൽ മണിക്കുട്ടൻ മകൻ രാജേഷ് (38) , എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം എസ് എം നിവാസിൽ മനോഹരൻ പിള്ള മകൻ ഹരികൃഷ്ണൻ (27) എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.