അമ്പലപ്പുഴ: നാട്ടിൽ തിരികെപ്പോകണമെന്ന ആവശ്യവുമായി അതിഥി തൊഴിലാളികൾ തെരുവിലിറങ്ങിയ സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു. 200 ഓളം പേർക്കെതിരെ കേസെടുത്തു. കാക്കാഴം  റെയിൽവെ മേൽപ്പാലത്തിന് താഴെയാണ് കഴിഞ്ഞ ദിവസം തൊഴിലാളികൾ റോഡിലിറങ്ങിയത്. 14ന് ലോക്ക് ഡൗൺ അവസാനിക്കുമെന്ന് കരുതി നാട്ടിൽ യാത്രയാകാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകാനാണ് അഥിതി തൊഴിലാളികള്‍ കൂട്ടമായി പുറത്തിറങ്ങിയത്.

കാക്കാഴത്ത് മൂന്ന് ക്യാമ്പുകളിലായി കഴിഞ്ഞിരുന്ന തൊഴിലാളികളാണ് മേൽപ്പാലത്തിന് താഴെ ഒത്തുകൂടിയത്. പിന്നീട് വിവരമറിഞ്ഞ് പൊലീസെത്തി ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം ജില്ലാ പോലീസ് ചീഫ്, ഡി.വൈ.എസ്.പി, തഹസീൽദാർ, ലേബർ ഓഫീസർ തുടങ്ങിയവർ സ്ഥലത്തെത്തി. 

ലോക്ക് ഡൗൺ ലംഘിച്ചതിന് അതിഥി തൊഴിലാളികളായ ബീഹാർ സ്വദേശികളായ ഇസ്രാഫ് മിയ (35), ഇംതിയാസ് അൻസാരി (25), സഫറോജൻ (24), മുജാഹിർ ഹുസൈൻ (25) എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റ് 200 ഓളം പേർക്കെതിരെ കേസെടുത്തു. ഇവിടെ താമസിക്കുന്ന തൊഴിലാളികൾക്ക് അമ്പലപ്പുഴ വടക്ക് പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചനിൽ നിന്നാണ് ഭക്ഷണം നൽകിയിരുന്നത്.