പോത്തൻകോട് കഞ്ചാവും കള്ളനോട്ടും തോക്കുമായി മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം: പോത്തൻകോട് കഞ്ചാവും കള്ളനോട്ടും തോക്കുമായി മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാപ്പാ കേസ് പ്രതി അനന്തുവിനെ തെരഞ്ഞെത്തിയ പൊലീസ് സംഘത്തിന്‍റെ റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്. ഇവരെ ഉപയോഗിച്ച് സമീപ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ അനന്തുവിനെയും പൊലീസ് പിടികൂടി.
നിരവധി കേസുകളില് പ്രതിയായ അനന്തുവിനെ തേടിയാണ് പോത്തൻകോട്, നെടുമങ്ങാട് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ പോത്തൻകോട് സംയുക്ത റെയ്ഡ് നടത്തിയത്. കരൂർ ഇടത്താട് സ്വദേശി രാം വിവേകിന്റെ വീട്ടിൽ അനന്തു ഒളിവിൽ താമസിക്കുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പുലര്‍ച്ചെയുള്ള പരിശോധന.
എന്നാല് വീട്ടിൽ അനന്തു ഉണ്ടായിരന്നില്ല. ഇവിടെയുണ്ടായിരുന്ന മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. രാം വിവേകിന് പുറമേ അഭിൻലാൽ, ഋഷിൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെല്ലാം തന്നെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. ഇവിടെ നിന്ന് കള്ളനോട്ടും കഞ്ചാവും തോക്കും കണ്ടെടുത്തു. രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തു. രാം വിവേകിന്റെ കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചു.
രാംവിവേകിന‍്റെ പെണ്‍സുഹൃത്തായ ഇവരെ കൂടുതൽ ചോദ്യം ചെയ്യും. പെൺകുട്ടിക്ക് പങ്കുണ്ടെന്ന് കണ്ടാൽ പ്രതി ചേര്‍ക്കാനാണ് തീരുമാനം. തുടര്‍ന്ന് പ്രതികളെയും കൊണ്ട് സമീപ പ്രദേശങ്ങളിൽ നടത്തിയ തെരച്ചിലിൽ കാപ്പ കേസ് പ്രതി അനന്തുവിനെയും പൊലീസ് പിടികൂടി. നിരവധി കേസുകളിൽ പ്രതിയാണ് അനന്തു. ഗുണ്ടകള്‍ക്കെതിരെയുള്ള പ്രത്യേക ഓപ്പറേഷന്‍റെ ഭാഗമായി അടുത്തിടെ 40 ഗുണ്ടകളെ പൊലീസ് പിടികൂടി തടവിലാക്കിയിരുന്നു.

