തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ സ്വരൂപിച്ച് നൽകി വെങ്ങാനുരിലെ നാല് വെൽഡിങ് തൊഴിലാളികൾ. നാലു ദിവസത്തെ മറ്റുപണികൾ മാറ്റിവച്ചാണ് വീനിതിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘം  പ്രളയാബാധിതർക്കായി പ്രവർത്തിച്ചത്.

സ്വരൂപിച്ച സാധനങ്ങൾ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ എത്തി എസ്എച്ച്ഒ പ്രവീണിന് ഇവര്‍ കൈമാറി. അവശ്യ സാധനങ്ങളായ കുപ്പിവെള്ളം, ബിസ്കറ്റ്, ചപ്പാത്തി, തുണിത്തരങ്ങൾ, സാനിറ്ററി പാഡുകൾ, സോപ്, ടൂത്ത്പേസ്റ്റ്, ബ്രഷ്, തുടങ്ങി ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് ഇവർ സമാഹരിച്ചത്.

ഇതിന് നേതൃത്വം നൽകിയ വിനീത് ഇതിന് മുൻപും ഇതുപോലെയുള്ള സാമൂഹിക വിഷയങ്ങളിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ചെറുപ്പക്കാരനാണ് കാര്യങ്ങള്‍ അറിഞ്ഞ ഫോർട്ട് അസിസ്റ്റന്റ് കമീഷണർ പ്രതാപൻ വിഴിഞ്ഞം പൊലിസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ മനസിലാക്കുകയും വിനീതിനെയും സംഘത്തിനേയും ഫോണിൽ വിളിച്ചു അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. സാധനങ്ങൾ കമ്മീഷണർ ഓഫീസിലെ കളക്ഷൻ പോയിന്റിൽ എത്തിച്ച ശേഷം അവിടെ നിന്നും ക്യാമ്പുകളിലേക്ക് കൊണ്ട് പോകും.