പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയിലേക്ക് എത്തുന്ന ഈ തോട്ടിൽ മാലിന്യം തള്ളുന്നത് ആവർത്തിക്കുന്ന സാഹചര്യത്തിൽ, നാട്ടുകാർ പോലീസിൽ പരാതി നൽകുകയും സിസിടിവി സ്ഥാപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
കോഴിക്കോട്: കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പുഴയിലേക്ക് ഒഴുകിയെത്തുന്ന തോട്ടില്‍ വീണ്ടും കക്കൂസ് മാലിന്യം ഒഴുക്കിവിട്ടു. കോഴിക്കോട് ബാലുശ്ശേരി കാട്ടാമ്പള്ളിയിലെ തോട്ടിലേക്കാണ് കക്കൂസ് മാലിന്യം തള്ളിയതായി പരാതി ഉയര്‍ന്നത്. സംസ്ഥാന പാതയ്ക്കരികിലെ പെട്രോള്‍ പമ്പിനടുത്തുള്ള തോടിന്റെ ഭാഗത്താണ് ഈ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടന്നിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ ടാങ്കര്‍ ലോറിയില്‍ എത്തിയ സംഘമാണ് കക്കൂസ് മാലിന്യം ഒഴുക്കിയതെന്ന് ദൃക്‌സാക്ഷിയായ നാട്ടുകാരന്‍ പറഞ്ഞു.
കാട്ടാമ്പള്ളി തോട് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയായ മഞ്ഞപ്പുഴയിലേക്കാണ് കൂടിച്ചേരുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ ഇത് നാലാം തവണയാണ് തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളുതെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യമുന്നയിച്ചു.
