കൊണ്ടോട്ടി: സൗജന്യമായി ഷവര്‍മ്മ നല്‍കുന്നു എന്ന് പരസ്യം ചെയ്ത ഹോട്ടലിലേക്ക് ഭക്ഷണപ്രിയരായ നാട്ടുകാര്‍ ഇരച്ചെത്തി ഹോട്ടല്‍ കാലിയാക്കി. മലപ്പുറം കൊണ്ടോട്ടിയിലെ പൊലീസ് സ്റ്റേഷന് സമീപമുള്ള ഹോട്ടലിലാണ് സംഭവം. ഇവിടെ ഹോട്ടല്‍ ആരംഭിക്കുന്നതിന്‍റെ ഭാഗമായി ആദ്യ ദിവസം ഷവര്‍മ്മ സൗജന്യമായി നല്‍കുന്നു എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യം ചെയ്തിരുന്നു.

വൈകിട്ട് 5 മണിക്കു തുടങ്ങിയ സൗജന്യ ഷവർമ വിതരണം രാത്രി 11ന് അവസാനിക്കുമ്പോൾ ഷവർമ മാത്രമല്ല, ഹോട്ടലിലെ മറ്റു ഭക്ഷണവും സ്ഥലത്തെത്തിയവർ കാലിയാക്കി. ഉദ്ഘാടനത്തോടനുബന്ധിച്ചു സൗജന്യമായി ഷവർമ നൽകുമെന്ന വിവരം ഉടമ അറിയിച്ചതോടെ കേട്ടവരെല്ലാം പ്രചരിപ്പിച്ചു.  

രണ്ടു കൗണ്ടറുകളിലായി എഴുനൂറോളം പേരാണ് ഷവർമയ്ക്കു തിന്നത്. എല്ലാവർക്കും ഷവർമ നൽകി. എന്നാൽ, ഷവർമ തയാറാക്കാൻ സമയമെടുത്തതോടെ വന്‍ തിരക്ക് രൂപപ്പെട്ടു. അതോടെ ഉടമ പുതിയ പ്രഖ്യാപനം നടത്തി ഹോട്ടലിലെ മറ്റു ഭക്ഷണവും സൗജന്യമായി കഴിക്കാമെന്ന് അറിയിച്ചു. 

മേശപ്പുറത്തു വച്ച മിഠായിയും അലമാരയിലെ നെയ്യപ്പവും മാത്രമല്ല, അടുക്കളയിലെ ചെമ്പു തുറന്ന് നെയ്ച്ചോറും ബിരിയാണിയും പൊറോട്ടയും ബീഫും ചിക്കനും മീൻകറിയുമെല്ലാം വേഗം തന്നെ തീര്‍ന്നു. പ്രതീക്ഷിച്ചതിനെക്കാള്‍ ഉദ്ഘാടനം ഗംഭീരമായി എന്നാണ് ഹോട്ടലുടമയുടെ കമന്‍റ് എന്നാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.