'ഇരട്ടി മധുരം ഈ ചായക്ക്'; കടയിലെത്തിയവർക്ക് ചായ ഫ്രീ! വിഎസിന്‍റെ ജന്മദിനം ആഘോഷമാക്കി ഒരു ചായക്കട...
ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ കല്ലുംമൂട് ജംഗ്ഷനിലുള്ള പേരില്ലാത്ത ചായക്കടയിലാണ് ഇന്നലെ രാവിലെ എത്തിയവർക്കെല്ലാം ചായ ഫ്രീയായി നൽകിയത്.

മാന്നാർ: പാവങ്ങളുടെ പടത്തലവൻ എന്ന് വിശേഷിക്കപ്പെടുന്ന മുതിർന്ന സിപിഎം നേതാവ് വി. എസ് അച്യുതാന്ദന്റെ നൂറാം പിറന്നാൾ നാട് മുഴുവൻ ആഘോഷിക്കുമ്പോൾ ആലപ്പുഴയിലെ ഒരു ചായക്കടയും ആ ആഘോഷത്തിനൊപ്പം കൂടി. തങ്ങളുടെ ചായക്കടയിൽ എത്തിയവർക്ക് സൗജന്യമായി ചായ നൽകിയാണ് ഇവർ വി.എസിന്റെ ജന്മദിനം ആഘോഷിച്ചത്. പ്രിയ സഖാവിന്റെ ജന്മദിനത്തിൽ കടയിൽ വന്നവർക്കെല്ലാം ചെന്നിത്തലയിലെ പേരില്ലാത്ത ഈ കടയിൽ ചായ സൗജന്യമായിരുന്നു.
ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ കല്ലുംമൂട് ജംഗ്ഷനിലുള്ള പേരില്ലാത്ത ചായക്കടയിലാണ് ഇന്നലെ രാവിലെ എത്തിയവർക്കെല്ലാം ചായ ഫ്രീയായി നൽകിയത്. ചായ കുടിക്കാനും പ്രഭാത ഭക്ഷണം കഴിക്കാനുമെത്തിയവർക്ക് ഫ്രീയായി ചായ കിട്ടിയപ്പോൾ അതിയായ സന്തോഷം. കടയിൽ എത്തിയവർ കാര്യം അറിഞ്ഞപ്പോൾ ചായക്ക് ഇരട്ടി മധുരമായി. സഹോദരങ്ങളായ ആറുപേർ ചേർന്നാണ് ഈ ചായക്കട നടത്തി വരുന്നത്.
പിതാവ് നടത്തിയിരുന്ന കട അദ്ദേഹത്തിന്റെ മരണശേഷം ഏറെ കാലം അടഞ്ഞു കിടക്കുകയായിരുന്നു. പിന്നീട് മക്കൾ ഏറ്റെടുത്ത് ചായക്കട വീണ്ടും തുടങ്ങി. ചെന്നിത്തല കല്ലുംമൂട് കമുകുംപുഴ പരേതനായ ചെല്ലപ്പൻ പിള്ളയുടെ മക്കളായ ഹരിദാസ്, വേണുഗോപാൽ, സുരേന്ദ്രൻ, വിജയൻ, അനിൽ, മധു തുടങ്ങിയ സഹോദരങ്ങൾക്ക് വി. എസ് അച്യുതാന്ദനോടുള്ള അടങ്ങാത്ത സ്നേഹമാണ് കടയിലെത്തിയവർക്കെല്ലാം സൌജന്യ ചായ നൽകി പിറന്നാള്‍ ആഘോഷിക്കാനുള്ള കാരണം. 200ലധികം പേർക്ക് ഫ്രീയായി ചായ നൽകിയതായി ഹരിദാസ് പറഞ്ഞു. അതിഥി തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേരാണ് സ്ഥിരമായി രാവിലെ ഈ കടയിൽ എത്തുന്നത്.
Read More : '63 കാരനായ അച്ഛന് 30 കാരി ലിവ് ഇൻ പാർട്ണർ'; ഉടക്കി മകൻ, യുവതിയെയും മുത്തച്ഛനെയും കൊന്നു, അച്ഛന് കുത്തേറ്റു