തൃശൂർ – കുറ്റിപ്പുറം സംസ്ഥാന പാതയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ച് പേർ മരിച്ചു. റോഡ് നവീകരിച്ചിട്ടും സിഗ്നലുകൾ, മുന്നറിയിപ്പ് ബോർഡുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
തൃശൂർ: തൃശൂർ – കുറ്റിപ്പുറം സംസ്ഥാന പാതയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ പ്രദേശവാസികളെയും യാത്രക്കാരെയും ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഈ പാതയിൽ നടന്ന വിവിധ അപകടങ്ങളിലായി അഞ്ച് പേർക്ക് ജീവൻ നഷ്ടമായി. സെക്കൻ്റുകളുടെ വ്യത്യാസത്തിൽ സർവ്വീസ് നടത്തുന്ന ബസുകളുടെ അമിത വേഗത കുറയ്ക്കാൻ ബസുകളുടെ സമയക്രമം പരിഷ്കരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
റോഡ് നവീകരണം പൂർത്തിയായിട്ടും സിഗ്നൽ, സീബ്രാ ക്രോസിങ്, മുന്നറിയിപ്പ് ബോർഡുകൾ, വേഗ നിയന്ത്രണ സംവിധാനങ്ങൾ, സിസിടിവി ക്യാമറകൾ, രാത്രികാല സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഒരുക്കാത്തത് അപകട സാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ജൂൺ അവസാനത്തോടെ അക്കിക്കാവിൽ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ജൂലൈ ആദ്യം അക്കിക്കാവ് കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർ മരിച്ചു.
ജൂലൈ 15-ന് കടവല്ലൂർ കൊരട്ടിക്കര പ്രിയദർശിനി ബസ് സ്റ്റോപ്പിന് സമീപം ബൈക്കും ലോ ഫ്ലോർ ബസ്സും കൂട്ടിയിടിച്ച് യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഈ അപകടങ്ങളുടെ വേദന മാറും മുമ്പാണ് കഴിഞ്ഞ ദിവസം പാറേമ്പാടത്ത് അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വീടിന്റെ മതിലും വാഹനങ്ങളും ഇടിച്ചു തകർത്തത്. അപകടത്തിൽ രണ്ട് സ്ത്രീകൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതിന് പുറമെ സംസ്ഥാന പാതയിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങൾ പതിവായി സംഭവിക്കുന്നതായി നാട്ടുകാർ പറയുന്നു. ചൂണ്ടൽ, അക്കിക്കാവ് കോളേജ്, പെരുമ്പിലാവ് ജംഗ്ഷൻ എന്നിവിടങ്ങളിലെ സിഗ്നൽ ലൈറ്റുകൾ മാസങ്ങളായി പ്രവർത്തനരഹിതമാണ്. നവീകരണത്തിൻ്റെ ഭാഗമായി പാതകളിൽ സ്ട്രീറ്റ് ലൈറ്റുകൾ ഇത് വരെയും പ്രകാശിച്ചിട്ടില്ല.
