ഏറ്റുമാനൂര്‍: കനത്ത മഴയില്‍ അലഞ്ഞ് തിരിയുന്ന നിലയില്‍ കണ്ടെത്തിയ റോഡ്‍വീലര്‍ ഇനത്തില്‍പ്പെട്ട ഗര്‍ഭിണിയായ നായയുടെ ഉടമയെ തേടുന്നു. കഴിഞ്ഞ ദിവസമാണ് കോട്ടയം ഏറ്റൂമാനൂര്‍ കാണക്കാരി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ വേദഗിരിയില്‍ നിന്നുമാണ് അലഞ്ഞ് തിരിയുന്ന നിലയില്‍ നായയെ കണ്ടെത്തിയത്.

സമീപത്തുള്ള വീട്ടിലെ നായ അഴിഞ്ഞ് പോയതാണെന്ന് കരുതി നാട്ടുകാര്‍ വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് നായ മറ്റെവിടെന്നോ എത്തിയതാണെന്ന് വ്യക്തമായത്. വിവരമറിഞ്ഞെത്തിയ ഫ്രണ്ട്സ് ഓഫ് അനിമല്‍ എന്ന സംഘടന നായയെ നായയുടെ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്. 

ആറ് വയസ്സ് പ്രായമുള്ള നായയ്ക്ക് ചെറിയ പരിക്കുകള്‍ ഏറ്റിട്ടുണ്ട്. കനത്ത മഴയില്‍ പ്രളയ ഭീതിയില്‍ വീട്ടുകാര്‍ തുറന്ന് വിട്ട നായയാവുമെന്ന സംശയത്തിലാണ് ഫ്രണ്ട്സ് ഓഫ് അനിമല്‍ സംഘടനയുള്ളത്. എല്ലാവരോടും നായ അടുപ്പം കാണിക്കുന്നുണ്ട്. എന്നാല്‍  സാധാരണ ഭക്ഷണം കഴിക്കാന്‍ വിമുഖത കാണിക്കുന്ന നായ പെഡിഗ്രി മാത്രമാണ് കഴിക്കാന്‍ തയ്യാറാവുന്നതെന്ന് ഫ്രണ്ട്സ് ഓഫ് അനിമല്‍ സംഘടനയുടെ ബിജു പഴയ പുരക്കല്‍ വ്യക്തമാക്കി. 

നായയെ കണ്ടെത്തിയ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിട്ടും നിലവില്‍ ഉടമസ്ഥര്‍ ആരും എത്തിയിട്ടില്ല. എന്നാല്‍ വാര്‍ത്തയറിഞ്ഞ് നായയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ നിരവധിയാളുകള്‍ എത്തുന്നുണ്ട്. കുറച്ച് ദിവസങ്ങള്‍ കൂടി നോക്കിയ ശേഷം ഉടമയെ കണ്ടെത്താനായില്ലെങ്കില്‍ ഏറ്റെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് നല്‍കാനാണ് തീരുമാനമെന്ന് ബിജി വിശദമാക്കുന്നു.