കോഴിക്കോട്: നഗരത്തിലെ തെരുവു കച്ചവടക്കാർ വില്പനയ്ക്ക്ശേഷം വിവിധ സ്ഥലങ്ങളിൽ സൂക്ഷിച്ചുവയ്ക്കുന്ന തുണിത്തരങ്ങൾ കളവ് നടത്തി വിൽപ്പന നടത്തുന്ന സംഘത്തെ പിടിക്കൂടി. കുപ്രസിദ്ധ മോഷ്ടാവ് കണ്ണാടിക്കൽ ഷാജി, കായലം കറുത്തേടത്ത് അബ്ദുൾ കരിം.ടി.കെ ,തിരൂർ കോട്ടത്തറ പൂക്കയോയ, ചേവായൂർ മേലെ വാകേരി ഫൈസൽ കെ.പി. എന്നിവരാണ് അറസ്റ്റിലായത്.  

കോഴിക്കോട് ടൗൺ സബ്ബ് ഇൻസ്പെക്ടർ ബിജിത്ത് കെ.ടി, എ.എസ്.ഐ. മുഹമ്മദ്സബീർ, എസ്.സി.പി.ഒ. സജീവൻ, സി.പി.ഒ ജിതേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ടൗൺ എസ്എച്ച്ഒ ഉമേഷ് എയുടെ നിർദ്ദേശ പ്രകാരം ചൊവ്വാഴ്ച പുലർച്ചെ നഗരത്തിൽ നടത്തിയ പട്രോളിങ്ങിനിടെയാണ് ഇവരെ പിടികൂടിയത്. കളവുമുതൽ വിൽപ്പന നടത്തുന്നതിനായി എത്തിയ സമയത്തായിരുന്നു ഒരു ചാക്ക് നിറയെ റെഡിമെയ്ഡ് തുണിത്തരങ്ങളുമായി കളവ് സംഘത്തെ പിടികൂടിയത്.

കളവ് ചെയ്തെടുക്കുന്ന തുണിത്തരങ്ങൾ ആദായവിലക്ക് തെരുവോരങ്ങളിൽ വിൽപ്പന നടത്തി പണം സ്വരൂപിക്കുന്നതാണ് ഇവരുടെ രീതി. കൊവിഡ് കാലത്തെ ഇളവിൽ ജയിലിൽ നിന്നും ഇറങ്ങിയ കണ്ണാടിക്കൽ ഷാജി വിവിധ സ്റ്റേഷനുകളിലായി 20-ഓളം കേസുകളിൽ പ്രതിയാണ്.