ഇടുക്കി: രാത്രികാല പട്രോളിംഗിനിടെ കഞ്ചാവും മോഷണമുതലും കണ്ടെത്തി. നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കഞ്ചാവ് കേസ് കണ്ടെത്തി തിരികെ വരുന്നതിനിടയിലാണ് അടിമാലി പ്രൈവറ്റ് ബസ് സ്റ്റാന്റിലുള്ള മച്ചിപ്ലാവ് സ്വദേശി പാലമറ്റത്ത് ഗിരീഷ് കുമാറിന്റെ മലഞ്ചരക്ക് കടയില്‍ നടന്ന മോഷണത്തില്‍ കളവുപോയ ഒരു ചാക്ക് ഉണക്ക കുരുമുളക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തത്. 

കണ്ടെടുത്ത കുരുമുളക് അടിമാലി പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടുകൂടിയാണ് സംഭവം നടന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദിന്റെ നേതൃത്വത്തില്‍ ആയിരമേക്കര്‍ കൈത്തറിപ്പടി റോഡില്‍ വാഹന പരിശോധനക്കിടെ കെഎല്‍ 24 എ 6360 ഇന്‍ഡിക്ക കാര്‍ നിര്‍ത്താതെ പോവുകയും പൊലീസ് പിറകെയെത്തി പിടികൂടുകയമായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ ഓടയ്ക്കാ സിറ്റി കാരയ്ക്കാട്ട് മനു മണി പൊലീസിനെ കണ്ട് ഓടി രക്ഷട്ടെു. 

വാഹനത്തിലുണ്ടായിരുന്ന 15 ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെത്തി മനുവിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വാഹനവും കസ്റ്റഡിയിലെടുത്ത പൊലീസ് രാത്രി ഓഫീസിലേക്ക് തിരികെ വരുന്നതിനിടയിലാണ് അടിമാലി കേജീസ് ജൂവലറിക്ക് സമീപം ചാക്ക്‌കെട്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടത്.. പരിശോധനയില്‍ കുരുമുളകാണെന്ന് മനസ്സിലാക്കി അടിമാലി പൊലീസ് സ്റ്റേഷനിലെത്തി ഏല്‍പ്പിക്കുകയായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ കെ എസ് അസീസ്, സി ഇ ഒ മാരായ സാന്റി തോമസ്, മീരാന്‍ കെ എസ് എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്.