ആലപ്പുഴ: പുഷ്പങ്ങളുടെ നറുമണമൊരുക്കി ദൃശ്യവിസ്മയമായി എണ്ണയ്ക്കാട് ഗ്രാമം. ഗവണ്‍മെന്‍റ് കെ വി വി ജെ ബി സ്‌കൂളിലെ വിശാലമായ പൂന്തോട്ടത്തില്‍ പുഷ്പിച്ചു നില്‍ക്കുന്ന ചെടികള്‍ നാട്ടുകാരിലും രക്ഷിതാക്കളിലും അധ്യാപകരിലും ആനന്ദ കാഴ്ചയൊരുക്കി. സ്‌കൂള്‍ വളപ്പിലെ മുറ്റത്ത് നൂറുകണക്കിന് ചെടികളാണ് കുട്ടികള്‍ നട്ടുനനച്ച് വളര്‍ത്തിയിരിക്കുന്നത്. 

വിവിധ വര്‍ണങ്ങളിലുള്ള പൂക്കള്‍ പ്രഭ വിടര്‍ത്തി പുഷ്പിച്ചുനില്‍കുന്ന സ്‌കൂള്‍ പരിസരം ചിത്രശലഭങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. പഠനത്തോടൊപ്പം രാവിലെയും വൈകിട്ടും ചെടികള്‍ക്ക് വെള്ളമൊഴിച്ച് പരിപാലിച്ച് പൂ കൃഷിയിലേര്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഏറെ സന്തോഷത്തോടെയാണിതെല്ലാം ചെയ്യുന്നത്. അഞ്ച് സെന്റ് സ്ഥലത്ത് തികച്ചും വ്യത്യസ്തമായാണ് കൃഷി നടത്തിയത്. 

വസന്തമലര്‍വാടി എന്ന പദ്ധതിയിലൂടെ സ്‌കൂള്‍ അന്തരീക്ഷം കൂടുതല്‍ ജൈവ വൈവിദ്ധ്യമാക്കുക എന്നതിന്‍റെ ഭാഗമായിട്ടാണ് പൂ കൃഷി സ്‌കൂള്‍ വളപ്പില്‍ ആരംഭിച്ചിരിക്കുന്നതെന്ന് പ്രഥമാധ്യാപിക ജയശ്രി പറഞ്ഞു. ഇതോടൊപ്പം ആയൂര്‍വേദ മരുന്ന് കൃഷി, ജൈവ പച്ചക്കറി, മീന്‍കുളം, ഔഷധ തോട്ടം എന്നിവയും നടത്തുന്നുണ്ട്. ഇവയെല്ലാം ഏകോപിപ്പിക്കാനുള്ള ശ്രമത്തിലാണ് അധ്യാപകര്‍.