പ്രതിഷേധം ആരംഭിച്ച ഉടനെ ഇവിടെ നിന്ന് തിരിച്ചുപോയ ഉദ്യോഗസ്ഥര്‍ കുറച്ച് കഴിഞ്ഞ് സമര സമിതി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള ക്വാറി പരിശോധിക്കാന്‍ വീണ്ടുമെത്തി

കോഴിക്കോട്: കൊടിയത്തൂര്‍ പഞ്ചായത്തിൽ ക്വാറിയുടെ സ്ഥല പരിശോധനക്കെത്തിയ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചു. പഞ്ചായത്തിലെ ഗോതമ്പ് റോഡ് - തോണിച്ചാല്‍ പ്രദേശത്തെ ക്വാറികളില്‍ റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പ്രദേശ വാസികള്‍ക്ക് ഭീഷണിയാകുന്ന രീതിയില്‍ മണ്ണ് കൂട്ടിയിട്ടതിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ചെറിയൊരു മഴ പെയ്താല്‍ പോലും വലിയ അപകടം സംഭവിക്കുന്ന തരത്തിലാണ് കൂറ്റന്‍ മണ്‍തിട്ടകള്‍ ജനവാസ മേഖലയിൽ കൂട്ടിയിട്ടിരിക്കുന്നത്. ഇതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ സമര സമിതി രൂപീകരിക്കുകയും പഞ്ചായത്ത് അധികൃതര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ നല്‍കിയ പരാതി പരിശോധിക്കാന്‍ ജിയോളജി ഉദ്യോഗസ്ഥര്‍ ഇതുവരെ എത്തിയിരുന്നില്ല. ഇതിനിടയിലാണ് സമീപത്തു തന്നെയുള്ള പുതിയതായി ആരംഭിക്കാന്‍ പോവുന്ന ക്വാറിയുടെ പരിശോധനക്ക് അസിസ്റ്റന്റ് ജിയോളജിസ്റ്റ് അഖില്‍ സുഷീലിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.

എന്നല്‍ തങ്ങള്‍ തന്ന പരാതിയിൽ പരിശോധന നടത്തിയതിന് ശേഷം മതി പുതിയ ക്വാറിക്കായുള്ള പരിശോധന എന്ന് പറഞ്ഞ് സമര സമിതി പ്രവര്‍ത്തകരും നാട്ടുകാരും ഇവരെ തടയുകയായിരുന്നു. പ്രതിഷേധം ആരംഭിച്ച ഉടനെ ഇവിടെ നിന്ന് തിരിച്ചുപോയ ഉദ്യോഗസ്ഥര്‍ കുറച്ച് കഴിഞ്ഞ് സമര സമിതി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള ക്വാറി പരിശോധിക്കാന്‍ വീണ്ടുമെത്തി. എന്നാല്‍ ഇവര്‍ ഉദ്യോഗസ്ഥരെ വീണ്ടും തടയുകയായിരുന്നു. ഇതോടെ സമര സമിതി പ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമുണ്ടായി. പരാതിക്കാരെ മുന്‍കൂട്ടി അറിയിക്കാതെ ഉള്ള പരിശോധന അനുവദിക്കില്ല എന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. ഒടുവില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്താതെ തിരിച്ചുപോയി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം