ഒന്നര വയസില്‍ തുടങ്ങിയ ഓട്ടിസത്തിന്റെ അരിഷ്ടതകളെ നിരന്തരമായ സംഗീത സാധനയിലൂടെയും ചിട്ടയായ പരിശീലനത്തിലൂടെയും അതിജീവിക്കാനാവുമെന്ന് തെളിയിക്കുകയാണ് പൂജ

തൃശൂര്‍: സംഗീത ലോകത്ത് മുന്നേറുന്ന പൂജയ്ക്കിത് സന്തോഷത്തിന്റെ പൂക്കാലമാണ്. ഓട്ടിസം സൃഷ്ടിക്കുന്ന മാനസികവും ശാരീരികവും വൈകാരികവും സാമൂഹികവുമായ വെല്ലുവിളികള്‍ അവളുടെ സംഗീതത്തിന് മുന്നില്‍ തോറ്റോടിക്കഴിഞ്ഞു. പൂജയുടെ സംഗീതം മാലോകര്‍ക്കും ഇനി ആസ്വദിക്കാം. ആഗസ്റ്റ് 11ന് തൃശൂര്‍ മൈലിപ്പാടത്തെ ചേതന ഓഡിറ്റോറിയത്തില്‍ വൈകീട്ട് 3.30ന് കച്ചേരി അരങ്ങേറും. ഏറെ ഇഷ്ടപ്പെടുന്ന കര്‍ണാടക സംഗീതത്തില്‍ തന്നെയാണ് പൂജ രമേശന്‍ അരങ്ങേറ്റം കുറിക്കുന്നത്.

ഒന്നര വയസില്‍ തുടങ്ങിയ ഓട്ടിസത്തിന്റെ അരിഷ്ടതകളെ നിരന്തരമായ സംഗീത സാധനയിലൂടെയും ചിട്ടയായ പരിശീലനത്തിലൂടെയും അതിജീവിക്കാനാവുമെന്ന് തെളിയിക്കുകയാണിവിടെ. തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശിയായ വി.എസ് രമേശന്റെയും എ.ആര്‍ സുജാതയുടെയും മകളാണ് 21കാരിയായ പൂജ. 

വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേകം പരിശീലനം നല്‍കി പൊതുവിദ്യാലയത്തില്‍ പഠനം ആരംഭിച്ചു. തൃശൂര്‍ ഗവ.മോഡല്‍ ഗേള്‍സ് സ്‌കൂളിലാണ് പ്രൈമറി തലം മുതല്‍ വിഎച്ച്എസ്ഇ വരെ പഠനം പൂര്‍ത്തിയാക്കിയത്. പൂജയുടെ വ്യക്തിവികാസത്തിനും സ്വഭാവ രൂപീകരണത്തിനും സ്‌കൂള്‍ പഠന കാലഘട്ടം നിര്‍ണായകമായി. 

സര്‍വശിക്ഷാ അഭിയാന്റെയും തൃശൂര്‍ ഓട്ടിസം സൊസൈറ്റിയുടെയും കീഴിലുള്ള ഓട്ടിസം ട്രെയ്‌നിങ് സെന്ററാണ് പൂജയുടെ സമഗ്രമായ മാറ്റത്തിനാവശ്യമായ പരിശീലനങ്ങള്‍ നല്‍കിയത്. പ്രശസ്ത ഹോമിയോ ഡോക്ടറായിരുന്ന പരേതനായ ശ്രീകുമാറിന്റെ വിദഗ്ധ ചികിത്സ പൂജയില്‍ വരുത്തിയ മാറ്റങ്ങള്‍ ചെറുതല്ല. പൂജയുടെ സംഗീത വാസനയെ വികസിപ്പിക്കുന്നതിനും ഡോ.ശ്രീകുമാറിന്റെ ഇടപെടലുകള്‍ക്കായെന്ന് പൂജയുടെ ഗുരുനാഥന്മാരില്‍ പ്രമാണിയായ ഫാ.ഡോ.പോള്‍ പൂവത്തിങ്കല്‍ പറഞ്ഞു. 

എട്ടാം വയസിലേക്കെത്തിയതോടെ സംഗീതമല്ലാതെ മറ്റൊന്നിനും പൂജ താല്‍പര്യം കാണിച്ചിരുന്നില്ല. ഇതോടെ സംഗീത അധ്യാപികയായ ഡോ.കൃഷ്ണ ഗോപിനാഥ് പൂജയ്ക്ക് സംഗീതപാഠം ചൊല്ലികൊടുത്ത് പ്രഥമഗുരുവായി. കല പരശുരാമന്റെ കീഴില്‍ അഷ്ടപദിയും വീണയും അഭ്യസിച്ചു. വിഎച്ച്എസ്ഇ പൂര്‍ത്തിയാക്കിയശേഷമാണ് ഫാ.പോള്‍ പൂവത്തിങ്കലിനെ പൂജ കാണാനെത്തുന്നത്. ഇതൊരു വഴിത്തിരിവായി മാറുകയായിരുന്നു. 

തന്റെ സ്ഥാപനമായ ചേനത മ്യൂസിക് കോളജില്‍ സംഗീത ബിരുദ പഠനത്തിന് പൂജയ്ക്ക് അവസരമൊരുക്കി. അവിടെ ദേശമംഗലം നാരായണന്റെ കീഴിലായിരുന്നു പഠനം. നിഷ്ഠാധിഷ്ഠിതമായ ജീവിത ശൈലികൊണ്ടും മാതാപിതാക്കളുടെയും അധ്യാപകരുടെയും സുമനസുകളുടെയും കലവറയില്ലാത്ത സ്‌നേഹംകൊണ്ടുമാണ് പൂജ ഓട്ടിസത്തെ പ്രതിരോധിച്ചത്. സമാന സഹാചര്യമുള്ളവര്‍ക്ക് പൂജയുടെ മനോധൈര്യം പ്രേരണയാവട്ടെയെന്നാണ് അവളുടെ അധ്യാപകര്‍ പറയുന്നത്.