മാന്നാർ: റോഡിൽ കിടന്നു കിട്ടിയ സ്വർണ മോതിരം ഉടമസ്ഥന് തിരിച്ചു നൽകി വിദ്യാർത്ഥി മാതൃകയായി. മാന്നാർ എമർജൻസി റെസ്‌ക്യു ടീം അംഗവും വിമുക്ത ഭടനുമായ കുട്ടംപേരൂർ മകയിരം വീട്ടിൽ ശ്രീജിത്ത്‌, സൗമ്യ ദമ്പതികളുടെ മകൻ സൂര്യജിത്തിനാണ് മോതിരം കിട്ടിയത്. 

സൂര്യജിത്തും അമ്മയും കൂടി കുന്നത്തൂർ ദേവി ക്ഷേത്രത്തിൽ പോയി മടങ്ങും വഴിയാണ് റോഡിൽ കിടന്ന് മോതിരം കിട്ടിയത്. അപ്പോൾ തന്നെ അത് സൗമ്യയെ ഏൽപ്പിച്ചു. തുടർന്ന് എമർജൻസി റെസ്‌ക്യു ടീം രക്ഷാധികാരി രാജീവ്‌ പരമേശ്വരനെയും സെക്രട്ടറി അൻഷാദിനെയും വിളിച്ചു വിവരം പറയുകയും അവരെത്തി മോതിരം പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. പിന്നീട് മോതിരം കിട്ടിയതുമായി ബന്ധപ്പെട്ട് എമർജൻസി റെസ്‌ക്യു ടീമിന്റെ ഫേസ്‌ബുക് പേജിലും മറ്റ് സമൂഹമാധ്യമങ്ങളിലും പോസ്റ്റുകൾ ഇടുകയും ചെയ്തു. 

ഈ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ട മോതിരത്തിന്റെ ഉടമസ്ഥൻ ചെന്നിത്തല കാരാഴ്മ ഷാരോൺ വില്ലയിൽ പ്രമോദ് മാത്യൂസ് റെസ്‌ക്യു ടീമിന്റെ നമ്പറിൽ ബന്ധപ്പെടുകയും മാന്നാർ പൊലീസ് സ്റ്റേഷനിലെത്തി മോതിരം ഏറ്റുവാങ്ങുകയും ചെയ്തു.  ചെറിയ പ്രായത്തിൽ കാണിച്ച സത്യസന്ധതയ്ക്ക് സൂര്യജിത്തിനെ മാന്നാർ പൊലീസ് അഭിനന്ദിച്ചു. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാത്ഥിയാണ് സൂര്യജിത്ത്. അഭിനവ്ജിത്ത്, അനുഗ്രഹ എന്നിവർ സഹോദരങ്ങളാണ്.