ഞായറാഴ്ച രാത്രിയിലായിരുന്നു അക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്ന് ഷാജഹാന്‍ പറയുന്നു.

കായംകുളം: ബൈക്കുകളില്‍ എത്തിയ സംഘം വീട് കയറി നടത്തിയ അക്രമണത്തില്‍ വ്യാപാരിക്ക് പരിക്ക്. നഗരത്തിലെ സ്വര്‍ണ്ണ വ്യാപാരി പെരിങ്ങാല മാളിയേക്കല്‍ ഷാജഹാനെയാണ് (51) സംഘം ആക്രമിച്ചത്. ഞായറാഴ്ച രാത്രിയിലായിരുന്നു അക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്ന് ഷാജഹാന്‍ പറയുന്നു.

പോര്‍ച്ചില്‍ കിടന്നിരുന്ന കാറും സ്‌കൂട്ടറും അടിച്ച് തകര്‍ത്തു. ബഹളം കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു. 
ഓടുന്നതിനിടയില്‍ കാല്‍ വഴുതി ഓടയില്‍ വീണ കാക്കനാട് സ്വദേശി വിശാഖ് (25)നെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. മറ്റൊരു പ്രതി ശര്‍മ്മ (30)യും പിന്നീട് കസ്റ്റഡിയിലായി. ഷാജഹാന്റ മകന്‍ റിയാനുമായുള്ള തര്‍ക്കമാണ് അക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തങ്ങളുടെ സുഹൃത്തിന്‍റെ ഗൃഹപ്രവേശന ചടങ്ങില്‍ റിയാന്‍ പ്രശ്നമുണ്ടാക്കിയിരുന്നതായും ഇതുചോദ്യം ചെയ്യാനാണ് എത്തിയതെന്നും സംഘം പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഇവര്‍ എത്തിയപ്പോള്‍ റിയാന്‍ വീട്ടിലുണ്ടായിരുന്നില്ല.