തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സർക്കാർ ഡോക്ടർമാരുടെ സമരം രോ​ഗികളെ വലച്ചു. പളളിക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നടപടി വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. സർക്കാർ ഡോക്ടർമാർക്ക് പിന്തുണയുമായി സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ  രണ്ട് മണിക്കൂർ ഒപി ബഹിഷ്ക്കരിച്ചു.

കെജിഎംഒഎയുടെ നേതൃത്വത്തിലാണ് ഡോക്ടർമാർ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലടക്കം ഹൗസ് സർജൻമാരെ രംഗത്തിറക്കി താത്കാലിക ഒപികൾ സജ്ജീകരിച്ചെങ്കിലും വേണ്ട ഫലമുണ്ടായില്ല. വിദഗ്ദ്ധ ചികിത്സ തേടി എത്തിയവർ വലഞ്ഞു. സർക്കാർ ഡോക്ടർമാരുടെ സമരത്തിൽ ഐക്യദാർഢ്യം രേഖപ്പെടുത്തി ഐഎംഎയുടെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രികളിൽ രണ്ട് മണിക്കൂർ ഒപി ബഹിഷ്ക്കരിച്ചു.
 
വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ കഴിഞ്ഞ ദിവസം ഉറപ്പ് നൽകിയിരുന്നു. അറസ്റ്റ് വരെ കറുത്ത ബാഡ്ജ് ധരിച്ച് ഡോക്ടർമാർ പ്രതിഷേധിക്കും. രണ്ട് ദിവസം മുൻപും സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ഒരു മണിക്കൂർ ഒപി ബഹിഷ്കരിച്ച് പ്രതിഷേധിച്ചിരുന്നു. അതേസമയം, ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതികൾ ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം.