പുഴയില്‍ നിന്ന് കമ്പനി വെള്ളമെടുക്കരുതെന്ന കോടതി ഉത്തരവ് നിലനില്‍ക്കെയാണ് സര്‍ക്കാരിന്‍റെ  നടപടി. ഇതില്‍ പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ചാലക്കുടി: കാതികൂടത്തെ നീറ്റ ജലാറ്റിൻ കമ്പനിയിലേക്ക് വെള്ളമെത്തിക്കാൻ തൃശൂര്‍ ചാലക്കുടിയ്ക്ക് സമീപം ജലസേചന വകുപ്പിന്‍റെ നേതൃത്വത്തില്‍ പുഴയില്‍ ചാലു കീറുന്നു. ചാലക്കുടി പുഴയോരത്താണ് ജപ്പാൻ ആസ്ഥാനമായുളള നീറ്റ ജലാറ്റിൻ കമ്പനി പ്രവർത്തിക്കുന്നത്. പുഴയില്‍ നിന്ന് വെള്ളമെടുക്കുന്നതിനും മാലിന്യം ഒഴുക്കുന്നതിനുമെതിരെ വര്‍ഷങ്ങളായി സമരം നടക്കുന്നുണ്ട്.ഇതിനിടെയാണ് കമ്പനി പുഴയില്‍ നിന്ന് വെള്ളമെടുക്കുന്നത് തടഞ്ഞു കൊണ്ട് ചാലക്കുടി മുൻസിഫ് കോടതി ഉത്തരവ് ഇറക്കിയത്.അടുത്ത മാസം 2 വരെ പുഴയില് നിന്ന് വെള്ളമെടുക്കരുതെന്നാണ് നിര്‍ദേശം.ഈ ഉത്തരവ് നിലനില്‍ക്കെയാണ് കമ്പനിയുടെ പമ്പ് ഹൗസിന് സമീപം പുഴയില്‍ വന്നടിഞ്ഞ ചെളിയും മണലും നീക്കാൻ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.ജലസേചനവകുപ്പിനാണ് ഇതിന്‍റെ ചുമതല. കനത്ത പൊലീസ് കാവലിലാണ് ചാലു കീറുന്ന പ്രവൃത്തി നടക്കുന്നത്. 

പ്രളയശേഷം ചാലക്കുടി പുഴ വറ്റിവരണ്ട് കിടക്കുകയാണ്. കൃഷിയാവശ്യത്തിനു പോലും വെള്ളമില്ലാത്ത അവസ്ഥയില്‍, ജനവികാരം കണക്കിലെടുക്കാതെ കമ്പനിയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്‍റേതെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി.