ഇടുക്കി: പ്രളയക്കെടുതിയിൽ കാണാതായ ഏഴ് പേരുടെ ആശ്രിതർക്ക് ആനുകൂല്യം നൽകാൻ സർക്കാർ ഉത്തരവ്. കൊന്നത്തടി എസ് വളവ് പുളിക്കുടിയിൽ മുഹമ്മദ് [40], ഭാര്യ ആസിയമ്മ മുഹമ്മദ് [40], മകൻ മുഫ്തൽ മുഹമ്മദ് [17], പീരിമേട് പശുപ്പാറ കടപ്ലാക്കൽ ആന്റണി [62], വാത്തിക്കുടി രാജപുരം കരിക്കാലം വീട്ടിൽ രാജൻ [55], മൂന്നാർ ഫക്ടറി ഡിവിഷൻ പെരിയവാര മണികണ്ഠൻ [30], ഉപ്പുതോട് അയ്യപ്പൻകുന്നേൽ തങ്കമ്മ മാത്യു [56] ,എന്നിവരുടെ ആശ്രിതർക്കാണ് അനുകൂല്യങ്ങൾ നൽകുന്നതിന് ഉത്തരവായത്. 

2018 ഓഗസ്റ്റിലുണ്ടായ പ്രളയക്കെടുതിയിലാണ് ഇവരെ കാണാതായത്. മാസങ്ങളോളം തെരച്ചിൽ നടത്തിയെങ്കിലും വിഫലമായി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനപ്രകാരമാണ് നിലവിലെ വ്യവസ്ഥകളിൽ ഇളവു വരുത്തി പ്രളയ സമയത്ത് മരണപ്പെട്ടവരുടെ ആശ്രിതർക്ക് നൽകിയ അനുകൂല്യങ്ങൾ കാണാതായവരുടെ ആശ്രിതർക്കും നൽകാൻ സർക്കാർ ഉത്തരവ് ഇറക്കിയത്. 2018 നവംബർ 14 ന് സർക്കാർ ഇതുസംബന്ധിച്ച് കളക്ടർക്ക് കത്ത് നൽകിയിരുന്നു.