പൊന്നാനി: ഒരു സൈക്കിൾ യാത്ര നടത്തിയാലോ..? കുന്നും മലയും കാടും മേടും കാണാനല്ല, ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സ് നേരിട്ട് കാണാൻ. കൗതുകം തോന്നേണ്ട, സംഭവം ഉള്ളത് തന്നെയാണ്. എട്ട് രാജ്യങ്ങൾ കടന്ന് 10500 കിലോമീറ്റർ പെഡൽ ചവിട്ടാനൊരുങ്ങുകയാണ് വെളിയങ്കോട് പഴഞ്ഞി  വലിയകത്ത് കുറ്റിപ്പുറത്തേൽ ഹസീബ്, ആലപ്പുഴ സ്വദേശി ക്ലിഫിൻ ഫ്രാൻസിസ്, കോട്ടയം ചങ്ങനാശേരി സ്വദേശിനി ഡോണ ജേക്കബ് എന്നിവർ. 

2020 ജൂലൈയിൽ നടക്കുന്ന ഒളിമ്പിക്‌സിന് ഈമാസം 15ന് കൊച്ചിയിൽ നിന്ന് ചവിട്ടിത്തുടങ്ങും. എട്ട് മാസത്തെ യാത്രക്ക് 20 ലക്ഷമാണ് ചെലവ് കണക്കാക്കുന്നത്. പ്ലസ്റ്റിക്ക് പൂർണ്ണമായും ഒഴിവാക്കിയുള്ള യാത്രയാണ് ഇതെന്നും പ്രത്യേകതയുണ്ട്. കൂടാതെ ഓരോ പ്രദേശത്തിന്റെയും വൈവിധ്യമാർന്ന കലാ- കായികസംസ്‌കാരം ക്യാമറയിൽ പകർത്തി ടോക്കിയോവിൽ ഫോട്ടോ എക്‌സിബിഷൻ സംഘടിപ്പിക്കാനും ഈ മൂവർ സംഘത്തിന് പദ്ധതിയുണ്ട്. 

ഹസീബിന്റേത് കന്നിയാത്രയാണ്. മറ്റുള്ള രണ്ടുപേർ  മുമ്പും സൈക്കിളിൽ ലോകംചുറ്റിയവരാണ്. കഴിഞ്ഞ ഫുട്‌ബോൾ ലോകകപ്പ് കാണാൻ ദുബായിൽനിന്ന്  റഷ്യയിലേക്ക് സൈക്കിളിലാണ് ക്ലിഫിൻ ഫ്രാൻസിസ് പോയത്. മെക്‌സിക്കോയിൽ ജോലിചെയ്തിരുന്ന ഡോണ ജേക്കബ് ക്യൂബ അടക്കമുള്ള പല രാജ്യങ്ങളിലേക്കും സൈക്കിളിൽ യാത്രചെയ്തിട്ടുണ്ട്.  സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പല ക്ലാസുകൾക്കും നേതൃത്വം കൊടുക്കുന്ന ഡോണ യാത്രയെ ആവേശത്തോടെയാണ് കാണുന്നത്. മൂന്നുപേർക്കും  പൊന്നാനിയിലെ സൈക്കിൾ ക്ലബ് സ്വീകരണം നൽകി.