ബെഞ്ചമിന്‍ കഴിഞ്ഞ വര്‍ഷം സ്വര്‍ണ്ണ പണയത്തിന്‍മേല്‍ 16000 രൂപ നെടുങ്കണ്ടം എസ്ബിഐ ശാഖയില്‍ നിന്നും വായ്പ എടുത്തിരുന്നു. പണയം തിരികെ എടുക്കണമെന്നാവശ്യപെട്ട് കഴിഞ്ഞ ദിവസം ഇയാള്‍ക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബാങ്കില്‍ എത്തി പലിശ സഹിതം പതിനേഴായിരത്തോളം രൂപ തിരികെ അടച്ചു

ഇടുക്കി: പലിശ സഹിതം പണം അടച്ചിട്ടും സ്വര്‍ണ്ണ ഉരുപ്പടി എസ്ബിഐ ശാഖയില്‍ നിന്നും തിരികെ നല്‍കിയില്ലെന്ന് പരാതി. മറ്റൊരു വായ്പ അടച്ച് തീര്‍ക്കത്തതിന്റെ പേരില്‍ പണയ ഉരുപ്പടി പിടിച്ചുവെയ്ക്കുകയായിരുന്നുവെന്ന് ആരോപണം. നെടുങ്കണ്ടം എസ്ബിഐ ശാഖയ്‌ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നെടുങ്കണ്ടം മൈലാടുംപാറ സ്വദേശിയായ നെല്ലുവിളയില്‍ ബെഞ്ചമിന്‍ ചെറിയാനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ബെഞ്ചമിന്‍ കഴിഞ്ഞ വര്‍ഷം സ്വര്‍ണ്ണ പണയത്തിന്‍മേല്‍ 16000 രൂപ നെടുങ്കണ്ടം എസ്ബിഐ ശാഖയില്‍ നിന്നും വായ്പ എടുത്തിരുന്നു. പണയം തിരികെ എടുക്കണമെന്നാവശ്യപെട്ട് കഴിഞ്ഞ ദിവസം ഇയാള്‍ക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബാങ്കില്‍ എത്തി പലിശ സഹിതം പതിനേഴായിരത്തോളം രൂപ തിരികെ അടച്ചു. എന്നാല്‍ മറ്റൊരു വായ്പ പൂര്‍ണ്ണമായും തിരികെ അടയ്ക്കാത്തതിനാല്‍ പണം അടച്ചെങ്കിലും സ്വര്‍ണ്ണം തിരികെ നല്‍കാനാവില്ലെന്ന് ബാങ്ക് ബെഞ്ചമിനെ അറിയിക്കുകയായിരുന്നു.

പ്രധാനമന്ത്രി തൊഴില്‍ ദാന പദ്ധതി പ്രകാരം അംഗപരിമിതനായ ബെഞ്ചമിന്‍ സ്വയം തൊഴില്‍ ആരംഭിയ്ക്കുന്നതിനായി ബാങ്കില്‍ നിന്നും നാലേ മുക്കാല്‍ ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. വസ്തു ഈടിന്‍മേലാണ് ഈ തുക അനുവദിച്ചത്. വായ്പ തുകയില്‍ ഇനി ഒരു ലക്ഷത്തില്‍ താഴെ മാത്രമെ അടയ്ക്കുവാനുള്ളു എന്ന് ബഞ്ചമിന്‍ പറയുന്നു. അംഗപരിമിതനായ ബഞ്ചമിന്‍ ഒരു വര്‍ഷത്തിലധികമായി കാലിലുണ്ടായ മുറിവുമായി ബന്ധപെട്ട് ചികത്സയിലാണ്. തുടര്‍ ചികിത്സയും പ്രളയം മൂലം കാര്‍ഷിക മേഖലയിലുണ്ടായ തളര്‍ച്ചയും വായ്പാ തുക പൂര്‍ണ്ണമായും അടച്ച് തീര്‍ക്കാന്‍ സാധിച്ചിട്ടില്ല. തൊഴില്‍ ദാന പദ്ധതി പ്രകാരം ഏലക്കാ ഡ്രയറാണ് ഇയാള്‍ ആരംഭിച്ചത്. പ്രളയത്തെ തുടര്‍ന്ന് കാര്‍ഷിക മേഖലയ്ക്കുണ്ടായ തിരിച്ചടി മൂലം ഡ്രയറില്‍ ആവശ്യമായജോലികളും എത്തിയിരുന്നില്ല. എന്നാല്‍ ഈ വായ്പ അടച്ച് തീര്‍ക്കുന്നത് സംബന്ധിച്ച് നോട്ടീസ് പോലും ലഭ്യമായിട്ടില്ലെന്നും ബഞ്ചമിന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കോട്ടയത്ത് ചികിത്സാ ആവശ്യത്തിന് പോകുന്നതിനായാണ് ബന്ധുവിന്റെ സ്വര്‍ണ്ണം പണയപെടുത്തി ബാങ്കില്‍ നിന്നുംവായ്പ എടുക്കുകയായിരുന്നു. വായ്പാ തുക പലിശ സഹിതം കടം വാങ്ങിയാണ് ഇയാള്‍ കഴിഞ്ഞ ദിവസം തിരികെ അടച്ചത്. എന്നാല്‍ തൊഴില്‍ദാന പദ്ധതി പ്രകാരം അനുവദിച്ച വായ്പ അടച്ച് തീര്‍ക്കാതെ ഉരുപ്പടി തിരികെ നല്‍കാനാവില്ലെന്ന നിലാപാട് ബാങ്ക് സ്വീകരിയ്ക്കുകയായിരുന്നു. ബന്ധുവിന്റെ മകളുടെ വിവാഹത്തിന് ആവശ്യമായ സ്വര്‍ണ്ണമാണ് ഇതെന്ന് ബഞ്ചമിന്‍ പറഞ്ഞു. സ്വര്‍ണ്ണം തിരികെ നല്‍കണമെന്നും സ്വയംതൊഴില്‍ വായ്പയില്‍ കുടിശികയുള്ളതുക ഗഡുക്കളായി അടയ്ക്കാന്‍ അനുവദിയ്ക്കണമെന്നും ബഞ്ചമിന്‍ ആവശ്യപെട്ടു.

സാധാരണക്കാര്‍ക്ക് മേല്‍ ബാങ്ക് അടിച്ചേല്‍പ്പിയ്ക്കുന്ന നടപടികള്‍ അവസാനിപ്പിയ്ക്കണമെന്നും സ്വര്‍ണ്ണം ഉടന്‍ തിരികെ കൊടുക്കണമെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആവശ്യപെട്ടു. സ്വര്‍ണ്ണം മടക്കി നല്‍കിയില്ലെങ്കില്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറിയിച്ചു. അതേസമയം ബാങ്ക് നിയമപരമായാണ് നടപടികള്‍ സ്വീകരിച്ചതെന്നും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി സ്വര്‍ണ്ണം തിരികെ നല്‍കുമെന്നും എസ്ബിഐ നെടുങ്കണ്ടം ശാഖാ മാനേജര്‍ ആര്‍ മണി അറിയിച്ചു. ബഞ്ചമിന് മുന്‍പ് അനുവദിച്ച വായ്പയുടെ തിരിച്ചടവ് കാലാവധി പൂര്‍ത്തിയായതാണ്. ഒന്നര ലക്ഷത്തിലധികം രൂപ തിരികെ അടയ്ക്കാനുണ്ട്. പണം തിരികെ അടയ്ക്കണമെന്ന് നിരവധി തവണ ആവശ്യപെട്ടിരുന്നു. നിലവില്‍ ബാങ്കിന്റെ നിയമപ്രകാരമാണ് സ്വര്‍ണ്ണ ഉരുപ്പടികള്‍ പിടിച്ച് വെച്ചതെന്നും മാനേജര്‍ അറിയിച്ചു.