തലച്ചോറിലുണ്ടായ രക്തസ്രാവമാണ് അബോധാവസ്ഥയിലാകാനുള്ള കാരണമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. പിറ്റേന്ന് ഹരിദാസന് മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. 

കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ ഉന്തുവണ്ടിയില്‍ പച്ചക്കറി വില്‍പ്പന നടത്തിയിരുന്ന ഹരിദാസന്‍ (Haridasan) ഇനിയും അഞ്ചുപേരിലൂടെ ജീവിക്കും. മരണാനന്തരം അഞ്ചുപേര്‍ക്കാണ് ഹരിദാസന്‍ ജീവന്റെ തുടിപ്പ് പകര്‍ന്നുനല്‍കിയത് (Organ transplantation). ഇതോടെ മരണശേഷവും ഹരിദാസന്‍ ജീവിക്കുന്നെന്ന ആശ്വാസവുമാണ് കുടുംബത്തിന്.

വീട്ടില്‍ കുഴഞ്ഞുവീണാണ് പന്തീരാങ്കാവ് സ്വദേശിയായ ഹരിദാസനെ (60) കഴിഞ്ഞ 17ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് അബോധാവസ്ഥയിലാകാനുള്ള കാരണമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. പിറ്റേന്ന് ഹരിദാസന് മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് ഹരിദാസന്റെ കുടുംബം അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ കേരള സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുമായി ബന്ധപ്പെട്ട് സ്വീകര്‍ത്താക്കളെ കണ്ടെത്തുകയും ചെയ്തു.

 തലശേരിയിലെ നാല്‍പ്പത്തേഴുകാരനാണ് കരള്‍ നല്‍കിയത്. കോഴിക്കോട്ട് നിന്നുള്ള മുപ്പത്തേഴുകാരിക്ക് വൃക്ക മാറ്റിവച്ചു. രണ്ടാമത്തെ വൃക്കയും കണ്ണുകളും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് നല്‍കി. ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ നിതിന്‍ രാജും അജേഷുമാണ് മൃതസഞ്ജീവനിയുമായുള്ള ഏകോപനം നിര്‍വഹിച്ചത്. ഹരിദാസന്റെ ഭാര്യ കോമളവല്ലി. മക്കള്‍ നിനുലാല്‍, മനുലാല്‍.