കല്‍പ്പറ്റ: സുല്‍ത്താന്‍ബത്തേരിക്കടുത്ത് മൂലങ്കാവില്‍ പോലീസ് നോക്കിനില്‍ക്കെ ഹര്‍ത്താല്‍ അനുകൂലികള്‍ മൈസൂര്‍-കോഴിക്കോട് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസം സൃഷ്ടിച്ചു. ഹര്‍ത്താന്‍ അവസാനിക്കാന്‍ ഒരുമണിക്കൂര്‍ നേരം മാത്രം ബാക്കി നില്‍ക്കെയായിരുന്നു 20 ഓളം വരുന്ന ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. 

മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ രൂക്ഷമായ രീതിയില്‍ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ശരണംവിളിയും തുടര്‍ന്നു. അത്യാവശ്യയാത്രക്ക് ഇറങ്ങിയവരില്‍ ചിലര്‍ സുല്‍ത്താന്‍ബത്തേരി പോലീസിനെ വിളിച്ച് ഗാതഗതം തടസപ്പെടുത്തിയ കാര്യം അറിയിച്ചെങ്കിലും അഞ്ച് മിനിറ്റ് റോഡ് തടസപ്പെടുത്തിയുള്ള സമരത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നായിരുന്നു മറുപടി. എന്നാല്‍ സമരം തുടങ്ങിയിട്ട് ഏറെ നേരമായെന്ന് അറിയിച്ചപ്പോള്‍  അത്യാവശ്യമുണ്ടെങ്കില്‍ സമരക്കാരോട് പറഞ്ഞാല്‍ വിടുമെന്നുമായിരുന്നു പ്രതികരണം. 

പിന്നീട് ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞ് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള വാഹനത്തില്‍ ഏതാനും പോലീസുകാരെത്തിയെങ്കിലും ഇവര്‍ നോക്കി നില്‍ക്കെ പ്രതിഷേധക്കാര്‍ സമരം കൂടുതല്‍ ശക്തമാക്കി. മൂന്നോട്ടുള്ള യാത്ര തടസ്സപ്പെട്ടതോടെ കാറുകള്‍ അടക്കമുള്ള ചില വാഹനങ്ങള്‍ വന്ന വഴിക്ക് മടങ്ങാന്‍ തുടങ്ങി. എന്നാല്‍ ഇവരെയും സമരക്കാര്‍ തടഞ്ഞു. സമരം തീര്‍ന്നിട്ടെ പോകാന്‍ അനുവദിക്കുവെന്നായിരുന്നു നിലപാട്. 

ഇതിനിടെ സമരക്കാരുടെ ചിത്രങ്ങള്‍ പോലീസ് പകര്‍ത്തിയെങ്കിലും മുക്കാല്‍ മണിക്കൂര്‍ പിന്നിട്ട സമരം നിര്‍ത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടില്ല. പോലീസ് എത്തിയെന്ന് കണ്ട് അത്യാവശ്യയാത്രക്കാരില്‍ ചിലര്‍ സമരക്കാരുടെ അനുമതിയോടെ കടന്നുപോയി. അഞ്ച് മിനിറ്റ് സമരത്തിനായിരുന്നു അനുമതിയെന്ന് പോലീസ് പറയുമ്പോഴും അഞ്ച് മണിക്ക് തുടങ്ങിയ സമരം ആറുമണിയോടെയാണ് അവസാനിപ്പിച്ചത്. 

മാനന്തവാടിക്കടുത്ത് തോണിച്ചാലില്‍ രാവിലെ വാഹനങ്ങള്‍ തടഞ്ഞ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം അടക്കം ഏഴ് ബി.ജെ.പി പ്രവര്‍ത്തകരെ മാനന്തവാടി പോലിസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ടൗണിലും ഹര്‍ത്താല്‍ അനുകൂലികള്‍ അഞ്ച് മിനിറ്റ് ഇടവിട്ട് വാഹനങ്ങള്‍ തടഞ്ഞു. നിരവില്‍പ്പുഴ, തലപ്പുഴ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും വഴിതടയല്‍ നടന്നു. ശബരിമല വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാനന്തവാടി ടൗണില്‍ യു.ഡി.എഫ് പ്രകടനം നടത്തി.  വൈകുന്നേരം ഹര്‍ത്താല്‍ അവസാനിച്ച ശേഷം ‍അന്‍പതോളം യുവമോര്‍ച്ച, ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.