കഴിഞ്ഞ ഓണക്കാലത്ത് കിലോയ്ക്ക് 70 മുതൽ 80 രൂപ വരെ വിലയുണ്ടായിരുന്ന ഏത്തക്കായ്ക്ക് ഇപ്പോഴുള്ളത് മുപ്പത് രൂപ മാത്രമാണ്.

ഇടുക്കി: വിളനാശവും വിലയിടിച്ചിലും മൂലം ദുരിതത്തിലായിരിക്കുകയാണ് ഹൈറേഞ്ചിലെ വാഴക്കര്‍ഷകര്‍. കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് 
ഏത്തക്കായ്ക്ക് ഇപ്പോൾ പകുതിപോലും 
വില കിട്ടുന്നില്ലെന്നാണ് കർഷകരുടെ സങ്കടം. 

കഴിഞ്ഞ ഓണക്കാലത്ത് കിലോയ്ക്ക് 70 മുതൽ 80 രൂപ വരെ വിലയുണ്ടായിരുന്ന ഏത്തക്കായ്ക്ക് ഇപ്പോഴുള്ളത് മുപ്പത് രൂപ മാത്രമാണ്. ഓഖിയും രണ്ട് പ്രളയവും കൊടുംവേനലുമെല്ലാം മൂലം കനത്ത നാശനഷ്ടം നേരിട്ട കൃഷിക്കാരെ വിലത്തകർച്ച കൂടുതൽ ദുരിതത്തിലേക്ക് തള്ളിയിടുകയാണ്. 

തമിഴ്നാട്ടിൽ നിന്ന് കൂടുതൽ വാഴക്കുലകളെത്തുന്നതാണ് നാടൻകുലകളുടെ വില കുത്തനെ ഇടിയാൻ കാരണമായത്. ഇപ്പോഴത്തെ വിലയ്ക്ക് പണിക്കൂലി പോലും കി‍ട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. 
പ്രളയത്തിൽ കൃഷി നശിച്ചതിന് സർക്കാരിൽ നിന്ന് മതിയായ നഷ്ടപരിഹാരം കിട്ടിയില്ലെന്നും കർഷകർ പരാതിപ്പെടുന്നു.