പാഞ്ചാലിമേട്:  ഇടുക്കിയിലെ കുരിശ് വിവാദത്തിൽ പ്രതിഷേധവുമായി കെ പി ശശികലയുടെ നേതൃത്വത്തില്‍ എത്തിയ ഹൈന്ദവസംഘടനകൾ പാഞ്ചാലിമേട്ടിലേക്ക് കടത്തി വിടാത്തത്തിൽ എതിര്‍പ്പുമായി  നാമജപ പ്രതിഷേധം നടത്തി. രാവിലെ പതിന്നൊന്ന് മണിയോടെയാണ് സംഘം പാഞ്ചാലിമേട്ടിലെത്തിയത്. എന്നാല്‍ ഇവരെ കടത്തിവിടാതെ പൊലീസ് തടയുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഘം നാമജപ പ്രതിഷേധം തുടങ്ങിയത്. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറിയാണ് കുരിശ് സ്ഥാപിച്ചതെന്നാണ് ഹൈന്ദവസംഘടനകളുടെ ആരോപണം. 

അതേസമയം അമ്പലത്തോളം പഴക്കമുണ്ട് കുരിശുമല കയറ്റത്തിനെന്നാണ് കണയങ്കവയൽ ചർച്ച് പറയുന്നത്. കുരിശുകളും അമ്പലവും റവന്യൂഭൂമിയിലെങ്കിലും വിശ്വാസത്തിന്റെ കാര്യമായതിനാൽ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന പ്രതിസന്ധിയിലാണ് ജില്ലാ ഭരണകൂടം. കളക്ടറുടെ സമവായനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കണയങ്കവയൽ സെന്റ് മേരീസ് ചർച്ച് ഇക്കഴിഞ്ഞ ദുഖവെള്ളിക്ക് സ്ഥാപിച്ച മരക്കുരിശുകൾ നീക്കം ചെയ്തത്. അതേസമയം ആദ്യകാലം തൊട്ടുള്ള 14 സിമന്റ് കുരിശുകൾ അങ്ങനെ തുടരും. റവന്യൂഭൂമിയിലെങ്കിലും കുരിശുകൾക്കും അമ്പലത്തിനുമെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന് കളക്ടർ എച്ച് ദിനേശൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

വിശ്വാസികളുടെ കൂടെ വിഷയമായതിനാൽ സർക്കാർ തലത്തിൽ നിന്നുതന്നെ നടപടി വേണമെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടമുള്ളത്. ഇതിനിടെ പാഞ്ചാലിമേട്ടിലെ ടൂറിസത്തെ തകർക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപിച്ച് ഡിറ്റിപിസി രംഗത്തെത്തി. കരുതികൂട്ടി ചിലർ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന്  അമ്പലക്കമ്മറ്റിയും പള്ളിഭാരവാഹികളും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.