ഓണം ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരത്തും ആറന്മുള വള്ളംകളിയോടനുബന്ധിച്ച് ആറന്മുളയിലും നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം അവധി കഴിഞ്ഞെങ്കിലും നാളെയും വിവിധയിടങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഓണം ഘോഷയാത്രയോടനുബന്ധിച്ചും ആറന്മുളയിൽ വള്ളം കളിയുമായി ബന്ധപ്പെട്ടും പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഉച്ചക്ക് ശേഷമാണ് അവധി. ആറൻമുള ഊതൃട്ടാതി വള്ളംകളി നടക്കുന്നതിനാൽ ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധിയായിരിക്കും. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചിട്ടുണ്ട്.
ഓണം ഘോഷയാത്ര, തിരുവനന്തപുരത്തെ അവധി അറിയിപ്പ് ഇപ്രകാരം
ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷം (9-09-2025) തിരുവനന്തപുരം നഗരത്തിലെ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് പ്രാദേശിക അവധി. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ട് പ്രകാരമാണ് അവധിയെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ആറൻമുള വള്ളംകളി, അവധി അറിയിപ്പ് ഇപ്രകാരം
ആറൻമുള ഊതൃട്ടാതി വള്ളംകളി നടക്കുന്ന സെപ്റ്റംബർ 9 (ചൊവ്വാഴ്ച) ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധിയായിരിക്കും. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. ഓണം ഘോഷയാത്ര ആഘോഷമാക്കാൻ തലസ്ഥാന നഗരത്തിൽ ചൊവ്വാഴ്ച ഉച്ചക്ക് ശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ നഗരത്തിൽ വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പാർക്കിംഗ് സൗകര്യങ്ങളും ഏർപ്പെടുത്തി. ഘോഷയാത്ര ആരംഭിക്കുന്ന കവടിയാർ മുതൽ കിഴക്കേകോട്ട, ഈഞ്ചക്കൽ വരെയുള്ള റോഡിലും നഗരത്തിലെ പ്രധാന റോഡുകളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ നിയന്ത്രണം ഉണ്ടാവും. ഘോഷയാത്ര കടന്നു പോകുന്ന റോഡിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. നഗരത്തിൽ പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.
നിശ്ചല ദൃശ്യങ്ങൾ കിഴക്കേകോട്ട വെട്ടിമുറിച്ചകോട്ട വഴി ഈഞ്ചക്കൽ ബൈപ്പാസിൽ പ്രവേശിക്കുന്ന സമയം ഈഞ്ചക്കൽ ഭാഗത്തു നിന്നും മിത്രാനന്ദപുരം ഭാഗത്തേക്കോ അട്ടക്കുളങ്ങര ഭാഗത്തേക്ക് യാതൊരു വാഹനങ്ങളും കടത്തി വിടുന്നതല്ല. ഘോഷയാത്രയിലെ ഫ്ലോട്ടുകളും മറ്റു കലാരൂപങ്ങളും ഈഞ്ചക്കൽ ജംഗ്ഷനിൽ നിന്നും ഇടത്തോട് സർവ്വീസ് റോഡ് വഴി കല്ലുമ്മൂട് ഹൈവേയിൽ കയറി ഘോഷയാത്ര അവസാനിപ്പിക്കേണ്ടതാണ്.


