മൂന്ന് സെന്റ് സ്ഥലം മാത്രം ഉള്ള രാജിതക്ക് വീട് വെക്കാൻ സാധിക്കാതെ വന്നപ്പോൾ കോഴിക്കോട് ജില്ലയിലെ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ ദൗത്യം ഏറ്റെടുക്കുകയായിരുന്നു...
കോഴിക്കോട്: പ്രളയം പെയ്‌തിറങ്ങിയ കരിഞ്ചോലമലയിൽ വീട് നഷ്ടപ്പെട്ട രാജിതക്കും കുടുംബത്തിനും വീടൊരുക്കാൻ എൻഎസ്എസ് (നാഷണൽ സർവ്വീസ് സ്കീം) വളണ്ടിയർമാർ കർമനിരതരായി. .കൊവിഡ് മഹാമാരി കാലത്ത് ചായക്കട നടത്തിയും, പൊതിച്ചോറുകൾ വിറ്റുകിട്ടിയ പണമുപയോഗിച്ചും , അക്രിസാധനങ്ങൾ ശേഖരിച്ച് വിൽപന നടത്തിയുമൊക്കെയാണ് വളണ്ടിയർമാർ വീടിനു വേണ്ട പണം സ്വരൂപിച്ചത്.
വീടിന്റെ പ്രധാന കോൺക്രീറ്റ് പ്രവർത്തനം എൻഎസ്എസ് ജില്ല കോ ഓർഡിനേറ്റർ എസ്. ശ്രീചിത്ത് ഉദ്ഘാടനം ചെയ്തു . ക്ലസ്റ്റർ കോഓർഡിനേറ്റർ എം. സതീഷ് കുമാർ അധ്യക്ഷം വഹിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട എൻഎസ്എസ് വളണ്ടിയർമാർ കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വീട്ടിന്റെ കോൺക്രീറ്റിങ്ങിൽ പങ്കാളികളായി.
മൂന്ന് സെന്റ് സ്ഥലം മാത്രം ഉള്ള രാജിതക്ക് വീട് വെക്കാൻ സാധിക്കാതെ വന്നപ്പോൾ കോഴിക്കോട് ജില്ലയിലെ എൻഎസ്എസ് വളണ്ടിയർമാർ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഏപ്രിൽ മാസത്തിനുള്ളിൽ വീടിന്റെ നിർമ്മാണം പൂർത്തിയാക്കി ഉടമസ്ഥർക്ക് കൈമാറും. 7 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ജില്ലയിലെ 144 എൻഎസ്എസ് യൂണിറ്റുകളും നിർമാണത്തിൽ പങ്കാളികളാവും. ക്ലസ്റ്റർ കോ ഓർഡിനേറ്റർമാരായ കെ. മധുസൂധനൻ , സില്ലി ബി. കൃഷ്ണൻ, സമീർ ബാവ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
