ആലപ്പുഴ: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട് മഴയെ തുടര്‍ന്ന് പൂര്‍ണ്ണമായും തകര്‍ന്നുവീണു. അപകടത്തില്‍  ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചേപ്പാട് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ വാതല്ലൂര്‍ തെക്കതില്‍ ഇന്ദിര(76)യുടെ വീടാണ് കാറ്റിലും മഴയിലും തകര്‍ന്നുവീണത്. 

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഞായറാഴ്ച ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് കേടുപാടുകള്‍സംഭവിച്ചിരുന്നു. വീടിന്റെ ഭിത്തിക്ക് പൊട്ടലും  മേല്‍ക്കൂരക്ക് കേടും സംഭവിച്ചിരുന്നു. ഇന്ന് രാവിലെ  പെയ്ത മഴയില്‍ മേല്‍ക്കൂരയും ഭിത്തിയും ഇടിഞ്ഞ് വീട് പൂര്‍ണമായും തകര്‍ന്നു വീഴുകയായിരുന്നു.

ഈസമയം ഇന്ദിരാമ്മ പാത്രം കഴുകാനായി പുറത്തിറങ്ങിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. വീട്ടുപകരണങ്ങളും ടിവി, ഫ്രിഡ്ജ്, കട്ടിലുകള്‍, പാത്രങ്ങള്‍ എന്നിവ നശിച്ചു. വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി