അരൂർ: രാത്രിയോടെ തീപടര്‍ന്ന വീട്ടിലുണ്ടായിരുന്ന ഗ്രഹനാഥയും വേലക്കാരിയും അത്ഭുതകരമായി രക്ഷപ്പെട്ടു. അരൂർ വില്ലേജ് ഓഫീസിനു പടിഞ്ഞാറുവശത്തള്ള പരേതനായ റിട്ട.ഡി.വൈ.എസ്.പി. ഇടേഴത്ത് തങ്കപ്പൻ നായരുടെ വീടാണ് കത്തിയത്. തങ്കപ്പൻ നായരുടെ ഭാര്യ ഇന്ദിരയും ജോലിക്കാരിയും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു.ഇവർ വീട്ടിലെ അടച്ചിട്ട ഒരു മുറിയിൽ ഇരുന്ന് ടിവി കാണുകയായിരുന്നു. 

പുകയും മരം കത്തുന്നതിന്റെ മണവും മുറിക്കുള്ളിൽ വന്നപ്പോൾ വേലക്കാരി കതക് തുറന്ന് നോക്കിയപ്പോഴാണ് വീടിനുള്ളിൽ തീ കണ്ടത്. ഉടനെ തന്നെ ഇവർ വീടുവിട്ട് അടുത്തുള്ള വീട്ടിൽ അഭയം തേടി. തീ കണ്ട് തടിച്ചുകുടിയ പ്രദേശവാസികള്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

ഒടുവില്‍ അരുരിൽ നിന്നും ചേർത്തലയിൽ നിന്നും മട്ടാഞ്ചേരിയിൽ നിന്നും ഫയർ എൻജിനുകൾ എത്തിയ ശേഷമാണ് തീയണയ്ക്കാൻ കഴിഞ്ഞത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അൻപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.