ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ തെങ്ങണയ്ക്കടുത്ത് ഒരു വാടക വീട്ടിലാണ് വീട്ടമ്മയുടെ നാല് കുട്ടികളും ജീവിക്കുന്നത്.

ചങ്ങനാശേരി: തയ്യല്‍ ജോലി ചെയ്ത് കുടുംബം പോറ്റുന്ന വീട്ടമ്മയ്ക്ക് ഒരു ദിവസം ഫോണിലേക്ക് എത്തുന്നത് നൂറുകണക്കിന് കോളുകള്‍, സന്ദേശങ്ങള്‍. മറുതലയ്ക്കല്‍ നിന്ന് കേള്‍ക്കുന്നത് കേട്ടലറയ്ക്കുന്ന വാക്കുകളും, ആവശ്യങ്ങളും. പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രയോജനം ഇല്ലെന്ന് കണ്ട് ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് വകത്താനം സ്വദേശി വീട്ടമ്മയുടെ പ്രതിസന്ധി പുറത്ത് അറിയുന്നത്. ലൈംഗിക തൊഴിലാളിയാണ് എന്ന് പറഞ്ഞ് വീട്ടമ്മയുടെ നമ്പര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് ഇവരുടെ ജീവിതം പ്രതിസന്ധിയിലായത്.

ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ തെങ്ങണയ്ക്കടുത്ത് ഒരു വാടക വീട്ടിലാണ് വീട്ടമ്മയുടെ നാല് കുട്ടികളും ജീവിക്കുന്നത്. തയ്യലാണ് ഉപജീവന മാര്‍ഗ്ഗം. പൊലീസില്‍ പരാതി നല്‍കുമ്പോള്‍ നമ്പര്‍ മാറ്റാനാണ് അവര്‍ പറയുന്നത്. എന്നാല്‍ അത്തരത്തില്‍ നമ്പര്‍ മാറ്റിയാല്‍ തന്‍റെ ജീവിതം പ്രതിസന്ധിയിലാകും എന്നാണ് ഇവര്‍ പറയുന്നത്. 

പലപ്പോഴും തനിക്ക് വരുന്ന കോള്‍ മക്കള്‍ എടുക്കും. അവരോടും വിളിക്കുന്നവരുടെ സമീപനം മോശമായി തന്നെ. ഇത് കടുത്ത വിഷാദത്തിലേക്കാണ് ഈ കുടുംബത്തെ തള്ളിവിടുന്നത്. പൊലീസ് സംരക്ഷണം ലഭിക്കത്തതോടെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിഷയം അവതരിപ്പിച്ചത്. സംഭവത്തില്‍ ജില്ല പൊലീസ് മേധാവിക്ക് അടക്കം പരാതി നല്‍കിയിട്ടുണ്ടെന്നാണ് വീട്ടമ്മ പറയുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona