ഇടുക്കി: ഇടുക്കിയിലെ പൊന്മുടി ജലാശയത്തിന് സമീപത്തെ വനമേഖലയിൽ നിന്നും മനുഷ്യൻറെ തലയോട്ടി കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ ജലാശയത്തിൽ മീൻ പിടിക്കാൻ എത്തിയവരാണ് തലയോട്ടി കണ്ടത്. തുടർന്ന് രാജാക്കാട്‌ പൊലീസിൽ വിവരമറിയിക്കുകയും എസ്ഐ പി ഡി അനൂപ് മോൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. 

മറ്റ് ഭാഗങ്ങൾ സമീപത്തെങ്ങും ഇല്ലാത്തതിനാൽ പ്രളയത്തിലെ മണ്ണിടിച്ചിലിലും മലവെള്ള പ്പാച്ചിലിലും ഒഴുകിയെത്തിയതാവാമെന്നാണ് പ്രാഥമിക നിഗമനം. തലയോട്ടി ഫോറൻസിക് പരിശോധനക്കായി അയക്കും. പ്രായം, സ്ത്രീയുടേതോ, പുരുഷൻറേതോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ അറിയാൻ കഴിയൂ. സമീപ പ്രദേശത്തു നിന്നടക്കം ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്