മാരാരിക്കുളം: സംസ്ഥാനത്തിനാകെ മാതൃകയായ വിശപ്പുരഹിത മാരാരിക്കുളം പദ്ധതി നാലാം വർഷത്തിലേക്ക്. ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിലെ നാനൂറിലധികം ആളുകൾക്ക് പദ്ധതിയിലൂടെ ദിവസേന ഭക്ഷണമെത്തിക്കുന്നു.

പാവങ്ങളുടെ വിശപ്പകറ്റിയതിന്‍റെ സന്തോഷമുണ്ട് ഈ വാർഷികാഘോഷത്തിന്. നാലാം വർഷത്തിലേക്ക് കടക്കുമ്പോഴും ഇല നിറയെ വിഭവങ്ങളുമായി കണ്ണർകാട്ടെ ജനകീയ അടുക്കളയിൽ പൊതിച്ചോറുകൾ തയ്യാറായിരുന്നു.  നാല് പഞ്ചായത്തുകളിലെ 80 വാർഡുകളിൽ സന്നദ്ധപ്രവർത്തകർ ഇവ വിതരണം ചെയ്യും. മഹാപ്രളയകാലത്തും മഹാമാരിക്കിടയിലും മുടങ്ങാത്ത സേവനം.

കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്‍റെ കീഴിൽ 2017 ഡിസംബർ 11 നാണ്  ആണ് കണ്ണർകാട് ജനകീയ അടുക്കള തുറക്കുന്നത്. ചുറ്റുപാടുമുള്ള പാവങ്ങൾക്ക് സൗജന്യ ഭക്ഷണവിതരണമായിരുന്നു ലക്ഷ്യം. എന്നാൽ പല കോണിൽനിന്ന് സഹായങ്ങൾ എത്തിയതോടെ വിശപ്പുരഹിത മാരാരിക്കുളം പദ്ധതി വിപുലീകരിച്ചു. 

മാനസികാരോഗ്യ കേന്ദ്രങ്ങളിലും അഗതി മന്ദിരങ്ങളിലും ഭക്ഷണവിതരണമുണ്ട്. ലോക്ക് ഡൗൺ തീർത്ത പ്രതിസന്ധി ട്രസ്റ്റ് ഭാരവാഹികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടാകുന്നുണ്ടെങ്കിലും ഭക്ഷണവിതരണം മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകുന്നു.