കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ 31-കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന ഭര്‍ത്താവും സുഹൃത്തും പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. യുവതിയുടെ ഭര്‍ത്താവും, സുഹൃത്ത് തോണിക്കടവ് ടി എ സുനില്‍ കുമാറുമാണ് പുല്‍പള്ളി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഡിസംബര്‍ 18-നായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന് സമീപത്ത് കാര്‍ഷിക വൃത്തിക്കായി ഉപയോഗിക്കുന്ന പുരയില്‍ കാവല്‍നില്‍ക്കാനുണ്ടെന്ന് പറഞ്ഞാണ് യുവതിയെ ഭര്‍ത്താവ് രാത്രിയില്‍ കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് സുഹൃത്തിനേയും വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് യുവതിയുടെ മക്കള്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധന നടത്തുകയും കൗണ്‍സലിങ്ങിനുശേഷം പീഡനവിവരം യുവതി ബന്ധുവിനോട് തുറന്നു പറയുകയുമായിരുന്നു. കേസെടുത്തതോടെ ഭര്‍ത്താവും സുഹൃത്തും ഒളിവില്‍ പോയി. സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡി വൈ എസ് പി കെ.പി കുബേരനാണ് അന്വേഷണച്ചുമതല.