ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് വൈദ്യുതിമന്ത്രി
ഇടുക്കി: മഴ തുടരുകയും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിക്കുകയും ചെയ്താല്‍ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് വൈദ്യുതിമന്ത്രി എം.എം മണി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി ഡാം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെയുള്ള തോതില്‍ നീരൊഴുക്ക് തുടര്‍ന്നാല്‍ അണക്കെട്ട് ഏഴ് ദിവസത്തിനുള്ളില്‍ തുറന്നുവിടേണ്ട സാഹചര്യമാണുള്ളത്. എന്നാല്‍ നീരൊഴുക്ക് കുറഞ്ഞാല്‍ അണക്കെട്ട് തുറക്കുന്നത് പരമാവധി ഒഴിവാക്കും. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടി ആക്കണമെന്ന കോടതിവിധി ഉണ്ടെങ്കിലും രണ്ടുസര്‍ക്കാരുകളും സമവായത്തിലെത്തി ജനങ്ങളുടെ ആശങ്കയകറ്റണമെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കലക്ട്രേറ്റില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും
ജനപ്രതിനിധികളുടെയും യോഗം ചേരുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്കുള്ള കണക്കനുസരിച്ച് 2392.42 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അതേസമയം മഴ തുടരുകയും ഇടുക്കി അണക്കെട്ട് തുറന്ന് വിടേണ്ട സാഹചര്യമുണ്ടാവുകയും ചെയ്താല്‍ ഡാംസേഫ്റ്റി അതോറിറ്റിയുടെയും ജില്ലാഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച്
മുഖ്യമന്ത്രി മുതിര്‍ന്ന റവന്യൂ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ നീരൊഴുക്കിന് തടസ്സമുണ്ടാകാന്‍ ഇടയുള്ള പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് അവസ്ഥ വിലയിരുത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
ഇതിനായി റവന്യൂ, കെ.എസ്.ഇ.ബി , ഇറിഗേഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കര്‍മ്മസമിതി രൂപീകരിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അണക്കെട്ട് തുറക്കേണ്ടി വന്നാല്‍
ഏറ്റവും ചെറിയ തോതിലുള്ള അളവ് 50 കുബിക്‌സ് ആണെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അവലോകന യോഗത്തില്‍ വ്യക്തമാക്കി. വെള്ളം തുറന്ന് വിടുകയാണെങ്കില്‍ എത്ര താമസക്കാരെ ബാധിക്കുമെന്നും വെള്ളം ഒഴുകിപ്പോകുന്ന ചാലുകളിലെ തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും മനസ്സിലാക്കുന്നതിനാണ് സര്‍വ്വെ. വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരുവശങ്ങളിലും 100 മീറ്ററിനുള്ളിലുള്ള കെട്ടിടങ്ങളെ സംബന്ധിച്ച വിവരം ദുരന്തനിവാരണ അതോറിറ്റി അതിസൂക്ഷ്മ ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശികമായി ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെക്കുറിച്ചുള്ള വിവരമാണ് അടിയന്തരമായി ശേഖരിക്കുന്നത്.
