പ്രളയം തകര്‍ത്ത ഇടുക്കിയില്‍ പ്രതീക്ഷയായി വിരിഞ്ഞ കുറിഞ്ഞിപ്പൂക്കള്‍, നീലകുന്നുകള്‍ക്കിടയില്‍ നില്‍ക്കുന്ന വരയാടുകള്‍, മത്സരങ്ങളില്‍ സ്വര്‍ണ്ണവുമായി എത്തുന്ന ഇടുക്കിയുടെ കായികതാരങ്ങള്‍  ഇവയെല്ലാം സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ചിത്രങ്ങളാണ്

ഇടുക്കി: നെടുങ്കണ്ടം ഫെസ്റ്റ് നഗരിയിലെത്തുന്നവര്‍ക്ക് 2018 ലേയ്‌ക്കൊന്നു തിരിഞ്ഞു നോക്കാം. മധുരമുള്ളതും, കയ്പുള്ളതുമായ 2018 എല്ലാ ഓര്‍മ്മകളും കോര്‍ത്തിണക്കി മിഴി 2019 എന്ന പേരില്‍ ഫോട്ടോ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത് ജില്ലയിലെ പ്രസ് ഫോട്ടോഗ്രാഫര്‍മാരാണ്. കഴിഞ്ഞ ഒരു വര്‍ഷം വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്ന മികച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രളയം, നീലകുറിഞ്ഞി തുടങ്ങിയവയ്‌ക്കൊപ്പം ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളും, വനത്തിലെ കാഴ്ചകള്‍ വരെ പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിരിക്കുന്നു. അപകടത്തില്‍ മരണപ്പെട്ട മകളുടെ മൃതദേഹത്തില്‍ സ്വര്‍ണ്ണ പാദസ്വരം കെട്ടി നല്‍കുന്ന അച്ഛന്‍, അടിമാലിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഉറക്കത്തില്‍തന്നെ മരണത്തിലേയക്കു പോയി നാടിന് വേദനയായി മാറിയ കുരുന്നുമുഖം, ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പ്പെട്ട കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പ്രതീക്ഷയോടെ ഓടുന്ന രക്ഷാപ്രവര്‍ത്തകര്‍, വര്‍ഷങ്ങള്‍ക്കിപ്പുറം ഇടുക്കി ഡാം തുറന്നപ്പോള്‍ സംഭവിച്ച ദുരിതങ്ങള്‍, തുടങ്ങിയവയുടെ ചിത്രങ്ങള്‍ കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. 

പ്രളയം തകര്‍ത്ത ഇടുക്കിയില്‍ പ്രതീക്ഷയായി വിരിഞ്ഞ കുറിഞ്ഞിപ്പൂക്കള്‍, നീലകുന്നുകള്‍ക്കിടയില്‍ നില്‍ക്കുന്ന വരയാടുകള്‍, മത്സരങ്ങളില്‍ സ്വര്‍ണ്ണവുമായി എത്തുന്ന ഇടുക്കിയുടെ കായികതാരങ്ങള്‍ ഇവയെല്ലാം സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ചിത്രങ്ങളാണ്.