അയ്യായിരത്തോളം കരിമീന്‍ കുഞ്ഞുങ്ങളെ പിടിച്ച് പാക്കേറ്റുകളിലാക്കുകയായിരുന്നു ഇവര്‍. മാര്‍ക്കറ്റില്‍ ഒന്നിന് പത്ത് രൂപയോളം വിലവരും. 

പൊന്നാനി: കരിമീന്‍ കുഞ്ഞുങ്ങളെ കടത്തുന്ന സംഘത്തെ ഫിഷറീസ് വകുപ്പ് പിടികൂടി. ഭാരതപ്പുഴയിലെ കര്‍മറോഡിന് സമീപത്തെ തുരുത്തില്‍നിന്നാണ് സംഘത്തെ പിടികൂടിയത്. പുഴയില്‍ നിന്ന് കരിമീന്‍ കുഞ്ഞുങ്ങളെ പിടിച്ച് ഓക്‌സിജന്‍ നിറച്ച പാക്കറ്റുകളിലാക്കി കടത്തുന്ന സംഘമാണ് പിടിയിലായത്. വെളിയങ്കോട് സ്വദേശികളായ അശ്‌റഫ് മച്ചിങ്ങല്‍, തണ്ണീര്‍കുടിയന്‍ കമറു എന്നിവരാണ് മത്സ്യബന്ധനത്തിനിടെ പിടിയിലായത്. കൂടെയുണ്ടായിരുന്ന നാല് പേര്‍ പട്രോളിങ് സംഘത്തെ കണ്ട് രക്ഷപ്പെട്ടു. അയ്യായിരത്തോളം കരിമീന്‍ കുഞ്ഞുങ്ങളെ പിടിച്ച് പാക്കേറ്റുകളിലാക്കുകയായിരുന്നു ഇവര്‍.

മാര്‍ക്കറ്റില്‍ ഒന്നിന് പത്ത് രൂപയോളം വിലവരും. ഇവര്‍ക്കെതിരെ നിരന്തര പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടിയുണ്ടായത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പും ഇവരെ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് പിടികൂടിയ മീന്‍ കുഞ്ഞുങ്ങളെ പുഴയില്‍ തന്നെ വിട്ടു. അനധികൃത മത്സ്യബന്ധനത്തിന് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു. ഫിഷരീസ് വകുപ്പ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കെ ശ്രീജേഷ്, സിപിഒ എംപി പ്രണവേഷ്, കോസ്റ്റല്‍ വാര്‍ഡന്‍ അഫ്‌സല്‍, റെസ്‌ക്യൂ ഗാര്‍ഡ് സമീര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.