പന്നിയുടെ കരച്ചിലും കടുവയുടെ ഗര്‍ജനവും കേട്ടതായി പ്രദേശത്തെ വീട്ടമ്മമാരും സാക്ഷ്യപ്പെടുത്തുന്നു.

മലപ്പുറം: അടക്കാക്കുണ്ട് ചങ്ങണംകുന്നില്‍ കാട്ടുപന്നിയെ വേട്ടയാടിയത് കടുവ തന്നയെന്ന് നാട്ടുകാര്‍. എന്നാല്‍ പന്നിയെ വേട്ടയാടിയത് കാട്ടു നായ്ക്കളാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കഴിഞ്ഞ ശനിയാഴ്ച രാവിലെ 8.30നാണ് സംഭവം. പന്നിയുടെ കരച്ചിലും കടുവയുടെ ഗര്‍ജനവും കേട്ടതായി പ്രദേശത്തെ വീട്ടമ്മമാരും സാക്ഷ്യപ്പെടുത്തുന്നു.

ചങ്ങണംകുന്നിലെ വീടുകളുടെ തൊട്ടടുത്തുള്ള കാളികാവ് പുല്ലാണി ചെറുണ്ണിയുടെ എസ്റ്റേറ്റിലാണ് പന്നിയെ ചത്ത നിലയില്‍ കണ്ടത്. പ്രദേശത്ത് വനം വകുപ്പ് ദൗത്യസംഘം കാമറ സ്ഥാപിച്ചെങ്കിലും ഞായറാഴ്ച തന്നെ എടുത്തുകൊണ്ടു പോയി. തിങ്കളാഴ്ച രാവിലെ പന്നിയുടെ ബാക്കി ഭാഗവും കടുവ കൊണ്ടുപോയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് മച്ചിങ്ങല്‍ രാധാകൃഷ്ണന്റെ വീട്ടില്‍ ചങ്ങലയില്‍ കെട്ടിയിട്ടിരുന്ന പട്ടിയെയും തൊട്ടടുത്ത വീട്ടിലെ പട്ടിയെയും കൊണ്ടു പോയിരുന്നു.

ഈ ഭാഗത്ത് പലതവണ കടുവയെയും പുലിയെയും നാട്ടുകാര്‍ കണ്ടിട്ടുണ്ട്. റാവുത്തന്‍കാടിനോട് ചേര്‍ന്ന ഈ ഭാഗത്ത് കുറുനരിയോ കാട്ടുനായ്ക്കളോ ഇല്ലെന്നും നാട്ടുകാര്‍ പറയുന്നു. പന്നിയെ പിടിച്ചത് കടുവയാണെന്ന കാര്യത്തില്‍ സംശയമില്ലെന്നിരിക്കെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന തിരച്ചില്‍ പ്രഹസനമാണെന്നും നാട്ടുകാര്‍ പറയുന്നു.