കൊല്ലം ജില്ലയിലെ ചാത്തന്നൂരിലെ വയലിക്കട ബ്രാഞ്ച് സമ്മേളനമാണ് ഇരുത്തിയൊന്നുകാരിയായ ജസീമ ദസ്തക്കീറിനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ബാലസംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജസീമ സംഘടനാ രംഗത്തേക്ക് വരുന്നത്. 

കൊല്ലം: 21-ാം വയസില്‍ സിപിഎമ്മിന്‍റെ (CPIM) ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് എത്തി പാര്‍ട്ടിയുടെ ആവേശമായി മാറി ജസീമ (Jaseema Dasthakeer). കൊല്ലം ജില്ലയിലെ ചാത്തന്നൂരിലെ വയലിക്കട ബ്രാഞ്ച് സമ്മേളനമാണ് ഇരുത്തിയൊന്നുകാരിയായ ജസീമ ദസ്തക്കീറിനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ബാലസംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജസീമ സംഘടനാ രംഗത്തേക്ക് വരുന്നത്.

എസ്എഫ്ഐയുടെ യൂണിറ്റ്, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എസ്എഫ്ഐ ചാത്തന്നൂര്‍ ഏരിയ ജോയിന്‍റ് സെക്രട്ടറിയും മാതൃകം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ ജോയിന്‍റ് സെക്രട്ടറിയുമാണ്. അച്ഛന്‍ ദസ്തക്കീര്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ്.

തിരുവനന്തപുരം മേയറായി ബാലസംഘം സംസ്ഥാന പ്രസിഡന്‍റ് ആര്യ രാജേന്ദ്രനെ സിപിഎം കൊണ്ട് വന്നത് രാജ്യത്തൊട്ടാകെ ചര്‍ച്ചയായി മാറിയിരുന്നു. ഒപ്പം പത്തനംതിട്ട അരുവാപ്പുലം പഞ്ചാത്ത് പ്രസിഡന്‍റാകുമ്പോള്‍ രേഷ്മ മറിയം റോയിക്കും പ്രായം 21 മാത്രമായിരുന്നു. ഇപ്പോള്‍ പാര്‍ട്ടി രംഗത്തും ശ്രദ്ധേയമായ മാറ്റങ്ങള്‍ കൊണ്ട് വരികയാണ് സിപിഎം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona