Asianet News MalayalamAsianet News Malayalam

വിദേശത്തെ മക്ഡൊണാൾഡ് റസ്റ്റോറന്റിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി; കുടുങ്ങിയപ്പോൾ പുറത്തുവന്നത് വൻ തട്ടിപ്പ്

ഒരു വർഷം മുമ്പാണ് സംഘം വാടക കെട്ടിടത്തിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. കേരളം, തമിഴ്‌നാട്, പഞ്ചാബ്, കർണാടക എന്നിവിടങ്ങളിൽ നിന്നായി നിരവധി പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്.

Job offered in mc Donald s restaurant in foreign countries big criminal acts revealed once they caught afe
Author
First Published Sep 20, 2023, 8:20 PM IST

ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത രണ്ടുപേരെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശികളായ എം.ആർ രാജേഷ് (50), മകൻ അക്ഷയ് രാജേഷ്(23) എന്നിവരെയാണ് പിടികൂടിയത്. നാല്‍പതോളം ഉദ്യോഗാർഥികളിൽ നിന്നായി രണ്ടു കോടിയോളം രൂപ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. 

അരൂർമുക്കത്ത് ഹാജിയാൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയുടെ പേരിലാണ് പ്രതികൾ ഓസ്ട്രേലിയയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളെ തട്ടിപ്പിനിരയാക്കിയത്. ഒരു വർഷം മുമ്പാണ് സംഘം വാടക കെട്ടിടത്തിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. കേരളം, തമിഴ്‌നാട്, പഞ്ചാബ്, കർണാടക എന്നിവിടങ്ങളിൽ നിന്നായി നിരവധി പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. ഓസ്ട്രേലിയയിലെ മക്ഡോണാൾഡ്സ് റസ്റ്റോറന്റിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ആറ് ലക്ഷവും ഏഴ് ലക്ഷവും രൂപ വീതം കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയത്. പലരും കിടപ്പാടം പണയപ്പെടുത്തിയാണ് പണം നൽകിയിരുന്നത്. 

Read also:  3000 രൂപ കടംവാങ്ങി, കൊടുക്കാൻ വൈകി; വെളുത്തുള്ളി കച്ചവടക്കാരനെ തല്ലിച്ചതച്ചു, നഗ്നനാക്കി മാർക്കറ്റിൽ നടത്തി

അരൂരിലെ ഹാജിയാൻ ഇൻറർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഏജൻസിയിൽ 22 പേർ ജോലിക്ക് വേണ്ടി പണം നൽകിയിട്ടും ജോലി ലഭിച്ചില്ല എന്ന് കാണിച്ച് അരൂർ പോലീസിൽ പരാതി നൽകിയതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. പ്രതികൾ സമാനമായ രീതിയിൽ തൃശ്ശൂരിലും നിരവധി പേരെ തട്ടിപ്പിനിരയാക്കിയതായി പോലീസ് പറഞ്ഞു. നെടുമ്പാശ്ശേരിയിൽ സേഫ് ഗൈഡ് എന്ന സ്ഥാപനം നടത്തിയും പ്രതികൾ നിരവധിപേരെ കബളിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ ചെറുതുരുത്തി, ചോറ്റാനിക്കര, കളമശ്ശേരി പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. 

ഉദ്യോഗാർത്ഥികളെ ഗ്രൂപ്പുകളായി തിരിച്ച് അവരിൽ നിന്നും വാങ്ങുന്ന പണം സ്വന്തം അക്കൗണ്ടിൽ സൂക്ഷിക്കാതെ ബിനാമി അക്കൗണ്ടുകളിലേക്ക് മാറ്റുന്ന രീതിയാണ് സ്വീകരിച്ചത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. ചേർത്തല ഡി.വൈ.എസ്.പി കെ.വി ബെന്നിയുടെ നേതൃത്വത്തില്‍ അരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എസ് സുബ്രഹ്മണ്യൻ, ഇൻസ്പെക്ടർമാരായ എം.ജി ജോസഫ്, എം.സി എൽദോസ്, സജുലാൽ, എ.എസ്.ഐ വിനോദ്, പോലീസ് ഉദ്യോഗസ്ഥരായ രതീഷ് എം, വിജേഷ് വി, നിതീഷ് ടി, ശ്രീജിത്ത് പി.ആർ, ജോമോൻ പി.വി, ലിജോ മോൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios