നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ മുപ്പത് ഗ്രാം കഞ്ചാവുമായി മാവേലിക്കരയിൽ പിടികൂടി. മറ്റുള്ളവരെ ഉപയോഗിച്ച് ലഹരിവിൽപ്പന നടത്തിവന്ന ഇവർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മാവേലിക്കര പൊലീസും ചേർന്ന് പിടികൂടി. മുപ്പത് ഗ്രാം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. അഞ്ച് ഗ്രാം കഞ്ചാവുമായി എബ്രഹാം കോശി എന്നയാളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇയാൾക്ക് വീണ്ടും നൽകാനായി ബൈക്കിൽ കഞ്ചാവുമായി വരുമ്പോഴാണ് ജൂലി തോമസ് പിടിയിലാകുന്നത്.
മാവേലിക്കര, കായംകുളം ഭാഗങ്ങളിൽ പലയിടത്തായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇയാൾ. വർഷങ്ങളായി നേരിട്ടല്ലാതെ മറ്റുള്ളവരെ ഉപയോഗിച്ചാണ് ലഹരിവിൽപ്പന നടത്തിയിരുന്നത്. ലഹരിവേട്ടയ്ക്കായി ആരംഭിച്ച 'തൂഫാൻ' പരിശോധനയുടെ ഭാഗമായി ഇയാൾ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.
ഓണത്തോടനുബന്ധിച്ച് ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ഐപിഎസിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം ശക്തമായ പരിശോധനകളാണ് നടന്നുവരുന്നത്. പിടിക്കപ്പെടാതിരിക്കാൻ ചെറിയ അളവിൽ മാത്രമാണ് ഇയാൾ കഞ്ചാവ് കൊണ്ടുനടക്കുന്നത്. വാടകവീട്ടിലും മറ്റും പരിശോധന നടത്തിയെങ്കിലും കൂടുതൽ ലഹരിവസ്തുക്കൾ കണ്ടെത്താനായിട്ടില്ല. ഫോൺ രേഖകൾ പരിശോധിച്ച് കൂടുതൽ കഞ്ചാവ് എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് .


