തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബിജെപി ദേശീയപാതകള്‍ ഉപരോധിക്കുകയാണ്. നാമജപത്തോടെ ദേശീയപാതകളില്‍ കുത്തിയിരുന്നാണ്  ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ പ്രതിഷേധക്കാര്‍ ഒരു വാഹനവും കടത്തിവിടാത്തതിനെ തുടര്‍ന്ന് അയ്യപ്പ ഭക്തര്‍ അടക്കമുള്ള യാത്രക്കാര്‍ പാതി വഴിയില്‍ യാത്ര അവസാനിപ്പിച്ചു. കെ. സുരേന്ദ്രന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്നും ഹര്‍ത്താലിനാണ് ബിജെപി ആദ്യം ആലോചിച്ചതെങ്കിലും ഇന്നലത്തെ ഹര്‍ത്താല്‍ പരിഗണിച്ച് ഒന്നര മണിക്കൂര്‍ റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും നടത്താന്‍ തീരുമാനിക്കുകയായിരുന്നു.  

കോട്ടയം ജില്ലയില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ജി.രാമന്‍ നായര്‍ പെന്‍കുന്നത്ത് റോഡ് ഉപരോധം ഉദ്ഘാടനം ചെയ്തു. കാര്യങ്ങളിങ്ങനെയെങ്കില്‍ പൊലീസിനെ കൈകാര്യം ചെയ്യേണ്ടിവരുമെന്ന് രാമന്‍ നായര്‍ പറഞ്ഞു. പൊന്‍കുന്നത്ത് റോഡ് ഉപരോധിച്ചതോടെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് യാത്ര പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു. അയ്യപ്പ ഭക്തരുടെ വണ്ടികള്‍ പോലും സമരക്കാര്‍ കടത്തിവിടുന്നില്ല. നാമജപത്തോടു കൂടിയ സമാധാനപരമായ പ്രതിഷേധമാണെങ്കിലും ഒരു വണ്ടിയും കടത്തിവിടുന്നില്ല. 

കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകരുടെ ഉപരോധം ശക്തമാണ്. ഒരു വാഹനവും കടത്തിവിടുന്നില്ല. കെ.സുരേന്ദ്രനെ കൊട്ടാരക്കര സബ്ജയിലിലാണ് റിമാന്‍റിലാക്കിയിരിക്കുന്നത്. ഇതിനാല്‍ തന്നെ കൊട്ടാരക്കരയില്‍ സമരം ശക്തമാക്കാനാണ് ബിജെപി തീരുമാനം. ഇത് മൂലം തിരുവനന്തപുരം, കോട്ടയം ഭാഗങ്ങലിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും തടഞ്ഞിട്ടിരിക്കുകയാണ്. 

തിരുവനന്തപുരത്ത്  രാവിലെ 9.30 മുതല്‍ നെയ്യാറ്റിൻകരയിൽ ബിജെപി റോഡ് ഉപരോധം തുടങ്ങി. ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ അക്രമാസക്തമായെങ്കിലും നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കി. തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങൽ, ഓവർ ബ്രിഡ്ജ്, വെഞ്ഞാറ്റംമൂട്, കാട്ടാക്കട, നെയ്യാറ്റിൻകര എന്നിവിടങ്ങളില്‍ ഉപരോധം നടക്കുന്നു. കാട്ടാക്കട, നെടുമങ്ങാട്‌ എന്നിവിടങ്ങളില്‍ 10 മണി മുതല്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്. ആലപ്പുഴയിൽ കളർകോഡ് ജംഗ്ഷനിലാണ് റോഡ് ഉപരോധിക്കുന്നത്.  

എറണാകുളം ജില്ലയിലും റോഡ് ഉപരോധം പുരോഗമിക്കുകയാണ്. ആലപ്പുഴ ജില്ലയില്‍ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തുകയാണ്. ഇടയ്ക്ക് നാമജപ പ്രതിഷേധം അക്രമാസക്തമായപ്പോള്‍ നേതാക്കളിടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി. പ്രവര്‍ത്തകര്‍ ഇപ്പോള്‍ വെറ്റിലയ്ക്കടുത്ത് അരൂര്‍ ഭാഗത്തേക്കുള്ള ദേശീയ പാത ഉപരോധിക്കുകയാണ്. വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നുണ്ടെങ്കിലും വാഹനക്കുരുക്ക് പ്രകടമാണ്. അങ്കമാലിയിലും മൂവാറ്റുപുഴയിലും പ്രതിഷേധ സമരങ്ങള്‍ നടക്കുകയാണ്. 

തൃശൂർ ദേശീയ പാത ആമ്പല്ലൂരിലെ  ബിജെപി റോഡ് ഉപരോധത്തിൽ സംഘർഷം. കെഎസ്ആർടി ബസ് തടഞ്ഞതാണ് കയ്യാങ്കളിയായത്. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.  കുന്നംകുളത്തും കൊടുങ്ങല്ലൂരിലും നടന്ന ഉപരോധങ്ങൾ ശാന്തമായിരുന്നു. തീരദേശ ദേശീയപാതയിലെ ഉപരോധത്തോടെ ഗുരുവായൂരിൽ അകപ്പെട്ട ശബരിമല തീർത്ഥാടകർ ഇന്നും ദുരിതത്തിലായി. ഇന്നലെ നടന്ന ഹർത്താൽ ഗുരുവായൂരിൽ എത്തിയവരുടെ യാത്ര മുടക്കിയിരുന്നു. മധ്യകേരളത്തിലെ പ്രധാന ഇടത്താവളം കൂടിയാണ് ഗുരുവായൂര്‍. ഇന്ന് കുന്നംകുളത്തും കൊടുങ്ങല്ലൂരും റോഡ് ഉപരോധിച്ചതോടെ ഗുരുവായൂർ നഗരം അയ്യപ്പന്മാരെക്കൊണ്ട് നിറഞ്ഞു. തൃപ്രയാർ ക്ഷേത്ര നഗരിയിലും അയ്യപ്പന്മാർ കുടുങ്ങി കിടക്കുകയാണ്.

കോഴിക്കോട് ജില്ലയിൽ രാവിലെ 11 മണിക്ക് വടകര, കൊയിലാണ്ടി, കോഴിക്കോട് പാളയം, ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളില്‍ ഉപരോധം നടക്കും. കോഴിക്കോട് മൈസൂര്‍ ദേശീയപാതയില്‍ കല്‍പ്പറ്റയിലും സുല്‍ത്താന്‍ബത്തേരിക്കടുത്ത് കൊളഗപ്പാറയിലും റോഡ് ഉപരോധിക്കുന്നുണ്ട്. വയനാട്ടില്‍ കൽപ്പറ്റ ചുങ്കം ജംഗ്ഷനിലാണ് ഉപരോധം. 

ബിജെപി സംസ്‌ഥാന അധ്യക്ഷൻ പി എസ്‌ ശ്രീധരൻ പിള്ള, ഒ രാജഗോപാൽ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ പത്തനംതിട്ട കെഎസ്ആർടിസിഡിപ്പോയ്ക്ക് സമീപം വൈകീട്ട് 4 മുതൽ 6 വരെ ഉപവാസം അനുഷ്ഠിക്കും.