ഡെപ്യൂട്ടി തഹസിൽദാറും സംഘവും സഞ്ചരിച്ച വാഹനത്തെ ആക്രമിക്കാൻ ശ്രമിച്ച് കബാലി; ഉദ്യോഗസ്ഥരെത്തി കാടുകയറ്റി
പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയെ കാടുകയറ്റിയ ശേഷമാണ് ഡെപ്യൂട്ടി തഹസിൽദാർക്കും സംഘത്തിനും കടന്നുപോകാൻ ആയത്.
തൃശ്ശൂർ: അതിരപ്പള്ളി - മലക്കപ്പാറ അന്തർ സംസ്ഥാനപാതയിൽ വീണ്ടും കബാലി. ഡെപ്യൂട്ടി തഹസിൽദാർ രഞ്ജിത്ത് കുമാറും സംഘവും സഞ്ചരിച്ച വാഹനങ്ങൾക്ക് മുൻപിലാണ് ഇത്തവണ ആന നിലയുറപ്പിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഷോളയാർ പെൻസ്റ്റോക്കിന് സമീപം വഴി തടഞ്ഞ കബാലി വാഹനങ്ങൾക്ക് നേരെ വരികയും കുത്തുകയും ചെയ്തു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയെ കാടുകയറ്റിയ ശേഷമാണ് ഡെപ്യൂട്ടി തഹസിൽദാർക്കും സംഘത്തിനും കടന്നുപോകാൻ ആയത്.
കഴിഞ്ഞ ദിവസം രോഗിയുമായ പോയ ആംബുലൻസ് കബാലി തടഞ്ഞിരുന്നു. ആംബുലൻസിന് മുന്നിൽ പനമറിച്ചിട്ടായിരുന്നു ആനയുടെ അഭ്യാസം. പടക്കം പൊട്ടിച്ച് കബാലിയെ തുരത്തി പന മുറിച്ച് നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. ഇത് ആദ്യമായല്ല കബാലി സമാന രീതിയിൽ അതിരപ്പള്ളി മലക്കപ്പാറ അന്തർ സംസ്ഥാനപാതയിൽ ഗതാഗത തടസമുണ്ടാക്കുന്നത്. നേരത്തെ ജൂലൈ ആദ്യവാരത്തിൽ രണ്ട് തവണ കബാലി ഗതാഗത തടസം സൃഷ്ടിച്ചിരുന്നു.
പ്രദേശത്ത് സ്ഥിരം ശല്യക്കാരനായ കബാലിയെ മാസങ്ങള്‍ക്ക് മുമ്പ് വനംവകുപ്പ് കാടുകയറ്റിവിട്ടിരുന്നു. എന്നാല്‍ വീണ്ടും മലക്കപ്പാറ മേഖലയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. അടുത്തിടെ കബാലി വനംവകുപ്പിന്റെ ജീപ്പ് കുത്തിമറിക്കാന്‍ ശ്രമിച്ചിരുന്നു. നിരവധി തവണയാണ് കബാലി വാഹനങ്ങള്‍ക്ക് നേരെ ആക്രമിക്കാനോടി എത്തിയിട്ടുള്ളത്. തലനാരിഴ്ക്ക് വലിയ അപകടങ്ങൾ ഒഴിവായിട്ടുണ്ട്.