തിരുവനന്തപുരം നഗരസഭയുടെ കെട്ടിടം അനധികൃതമായി കൈവശം വെച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ.
തിരുവനന്തപുരം: നഗരസഭയുടെ കെട്ടിടം അനധികൃതമായി കൈവശം വെച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി മുൻമന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ. പരാതിക്കാരനെതിയും കടകംപള്ളി രംഗത്തെത്തി. നഗരസഭയുടെ ഒരു കെട്ടിടവും കടകംപള്ളി സുരേന്ദ്രൻ എന്ന ഞാൻ വാടകയ്ക്കെടുത്തിട്ടില്ലെന്നും മെഡിക്കൽ കോളേജിന് സമീപമുള്ള ഇ.കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് രോഗീ സേവനത്തിനായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിൽ ജനസേവനത്തിനായി ഒരു സ്റ്റാഫിനെ നിയമിച്ചിരുന്നുവെന്നും കടകംപള്ളി പറഞ്ഞു. മെഡിക്കൽ കോളേജ്, ഉള്ളൂർ, ആക്കുളം, കുമാരപുരം, പോങ്ങുംമൂട് തുടങ്ങിയ ഭാഗത്തുള്ള ജനങ്ങൾക്ക് എം.എൽ.എ ഓഫീസിലേക്ക് വരാനുള്ള ദൂരക്കൂടുതൽ പരിഗണിച്ച്, നായനാർ ട്രസ്റ്റിന്റെ അനുമതിയോടെ അവിടെ ജനസേവനത്തിനായി ഒരു സ്റ്റാഫിനെ 2016-21 കാലയളവിൽ ചുമതലപ്പെടുത്തിയിരുന്നു.
അല്ലാതെ അവിടെ എനിക്കായി ഒരു ഓഫീസ് മുറി വാടകയ്ക്കെടുക്കുകയോ, അത് എന്റെ അധീനതയിൽ വെക്കുകയോ ചെയ്തിരുന്നില്ല. 2021 ൽ ഇ.കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയപ്പോൾ, നഗരസഭയുടെ ആ കെട്ടിടം കൃത്യമായി ഒഴിഞ്ഞുകൊടുത്തു. നിലവിൽ അത് നഗരസഭയുടെ പൂർണ അധികാരത്തിലുള്ള കെട്ടിടമാണ്. കാലപ്പഴക്കം ചെന്ന ആ കെട്ടിടം നിലവിൽ പൊളിച്ചു പണിയുകയാണെന്നും അദ്ദേഹം പറഞ്ഞു. പായ്ചിറ നവാസ് എന്നൊരാളാണ് എനിക്കെതിരെ കോടതിയിൽ പോയതെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരനെതിരെ നേരത്തെയും ആരോപണം വന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
പായ്ചിറ നവാസ് എന്നൊരാൾ എനിക്കെതിരെ കോടതിയിൽ പോയതായി കണ്ടു. നഗരസഭയുടെ ഉള്ളൂർ സോണലിലെ കെട്ടിടം ഞാൻ കഴിഞ്ഞ 10 വർഷമായി അനധികൃതമായി കൈവശം വെച്ചിരിക്കുകയാണത്രേ!
ഈ പരാതിക്കാരന്റെ സ്ഥലകാലബോധത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ചില കൗതുകകരമായ വസ്തുതകൾ ശ്രദ്ധയിൽപ്പെട്ടത്. അൽപ്പം വിവരമുള്ളവർ ആരും ഇത്തരം ഭാവനാസൃഷ്ടികളുമായി കോടതിയിൽ പോകില്ല. പരാതിക്കാരനെ കുറിച്ചുള്ള ഒരു വാർത്ത ഇതോടൊപ്പം നൽകുന്നു.
കാര്യത്തിലേക്ക് വരാം. നഗരസഭയുടെ ഒരു കെട്ടിടവും കടകംപള്ളി സുരേന്ദ്രൻ എന്ന ഞാൻ വാടകയ്ക്കെടുത്തിട്ടില്ല. നിങ്ങൾ ഉദ്ദേശിക്കുന്നത് മെഡിക്കൽ കോളേജിന് സമീപമുള്ള കെട്ടിടമാണെങ്കിൽ, അത് ഇ.കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് രോഗീ സേവനത്തിനായി ഉപയോഗിച്ചിരുന്നതാണ്. മെഡിക്കൽ കോളേജിലും ആർ.സി.സിയിലും എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ നിരക്കിൽ ഭക്ഷണവും താമസവും ഒരുക്കിയിരുന്ന ഒരു സംവിധാനമായിരുന്നു അത്.
മെഡിക്കൽ കോളേജ്, ഉള്ളൂർ, ആക്കുളം, കുമാരപുരം, പോങ്ങുംമൂട് തുടങ്ങിയ ഭാഗത്തുള്ള ജനങ്ങൾക്ക് എം.എൽ.എ ഓഫീസിലേക്ക് വരാനുള്ള ദൂരക്കൂടുതൽ പരിഗണിച്ച്, നായനാർ ട്രസ്റ്റിന്റെ അനുമതിയോടെ അവിടെ ജനസേവനത്തിനായി ഒരു സ്റ്റാഫിനെ ഞാൻ 2016-21 കാലയളവിൽ ചുമതലപ്പെടുത്തിയിരുന്നു എന്നത് വസ്തുതയാണ്. ഈ സ്റ്റാഫ് മറ്റ് ആവശ്യങ്ങൾക്കായി പുറത്തുപോകുമ്പോൾ നായനാർ ട്രസ്റ്റിലെ ജീവനക്കാർ തന്നെയാണ് അപേക്ഷകൾ സ്വീകരിക്കുന്നതിനും ജനങ്ങളെ സഹായിക്കുന്നതിനും മുൻകൈ എടുത്തിരുന്നത്. അല്ലാതെ അവിടെ എനിക്കായി ഒരു ഓഫീസ് മുറി വാടകയ്ക്കെടുക്കുകയോ, അത് എന്റെ അധീനതയിൽ വെക്കുകയോ ചെയ്തിരുന്നില്ല.
2021 ൽ ഇ.കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയപ്പോൾ, നഗരസഭയുടെ ആ കെട്ടിടം കൃത്യമായി ഒഴിഞ്ഞുകൊടുത്തിട്ടുള്ളതുമാണ്. നിലവിൽ അത് നഗരസഭയുടെ പൂർണ്ണ അധികാരത്തിലുള്ള കെട്ടിടമാണ്. കാലപ്പഴക്കം ചെന്ന ആ കെട്ടിടം നിലവിൽ പൊളിച്ചു പണിയുകയാണ്.
വസ്തുതകൾ ഇതായിരിക്കെ, പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം വിവരദോഷങ്ങൾ എഴുന്നള്ളിക്കുന്നവരുടെ കെണിയിൽ പെടരുതെന്ന് അഭ്യർത്ഥിക്കുന്നു. വ്യാജ പ്രചരണങ്ങൾ ജനങ്ങൾ പുച്ഛിച്ചു തള്ളുക തന്നെ ചെയ്യും.
കടകംപള്ളി സുരേന്ദ്രൻ
(എം.എൽ.എ, കഴക്കൂട്ടം)
