Asianet News MalayalamAsianet News Malayalam

ഏറെ പ്രതീക്ഷയോടെ തുടക്കം, ഇപ്പോൾ ആളും അനക്കവുമില്ലാതെ കണ്ണൂർ വിമാനത്താവളം; വിദേശ സർവീസുകൾക്ക് അനുമതി നീളുന്നു

കുതിപ്പിന്‍റെ തുടക്കകാലമായിരുന്നു കണ്ണൂർ വിമാനത്താവളത്തിന്. ഇപ്പോൾ കിതച്ചാണ് പോകുന്നത്. ആളില്ലാ വിമാനത്താവളമാണ് കണ്ണൂരിന്ന്.

kannur airport faces challenges, expecting foreign service nod prm
Author
First Published Sep 17, 2023, 8:15 AM IST

കണ്ണൂർ: വിദേശ സർവീസുകൾക്ക് അനുമതി വൈകുന്നത് കണ്ണൂർ വിമാനത്താവളത്തെ പ്രതിസന്ധിയിലാക്കുന്നു. പോയിന്‍റ് ഓഫ് കോൾ പദവി കിട്ടാൻ പാർലമെന്‍ററി സമിതിയുടെ റിപ്പോർട്ടിലാണ് പ്രതീക്ഷ. രണ്ടേ രണ്ട് എയർവേസുകൾ മാത്രമാണ് നിലവിൽ കണ്ണൂരിലേക്ക് സർവീസ് നടത്തുന്നത്. വിദേശ സർവീസിന് ഏറെക്കാലമായി കാത്തിരിക്കുകയാണ് അധികൃതർ. വിദേശ സർവീസ് അനുമതി ലഭ്യമായെങ്കിൽ മാത്രമേ പൂർണതോതിൽ പ്രവർത്തനം തുടങ്ങാനാകൂ. വടക്കൻ മലബാറിലെ പ്രവാസികളെ ലക്ഷ്യമിട്ടാണ് വിമാനത്താവളം തുടങ്ങിയത്. എന്നാൽ, പ്രവർത്തനം ആരംഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും അനുമതി ലഭിച്ചില്ല.

കുതിപ്പിന്‍റെ തുടക്കകാലമായിരുന്നു കണ്ണൂർ വിമാനത്താവളത്തിന്. ഇപ്പോൾ കിതച്ചാണ് പോകുന്നത്. ആളില്ലാ വിമാനത്താവളമാണ് കണ്ണൂരിന്ന്. ആഴ്ചയിൽ 65 രാജ്യാന്തര സർവീസുകൾ വരെയുണ്ടായിരുന്നു. ഇന്ന് സർവീസ് നടത്തുന്നത് ആകെ എയർ ഇന്ത്യാ എക്സ്പ്രസും ഇൻഡിഗോയും മാത്രം. വിദേശ സർവീസുകൾ നടത്താനുളള പോയിന്‍റ് ഓഫ് കോൾ പദവി കേന്ദ്രം നൽകാത്തതാണ് വലിയ തിരിച്ചടി. ഈ മാസം ഏഴിന് പാർലമെന്‍റ് സ്ഥിരം സമിതി വിമാനത്താവളത്തിലെത്തിയിരുന്നു. പോയിന്‍റ് ഓഫ് കാൾ പദവിക്ക് കണ്ണൂരിന് അർഹതയുണ്ടെന്നാണ് സമിതി വിലയിരുത്തൽ. അതിലാണ് പ്രതീക്ഷ. ആഭ്യന്തര സർവീസുകളും വർധിക്കണം. 

കോഡ് ഇ വിമാനങ്ങൾക്ക് സർവീസ് നടത്താനുളള സംവിധാനം നിലവിൽ കണ്ണൂരിലുണ്ട്. അനുബന്ധ സ്ഥാപനങ്ങൾക്കുളള ഭൂമിയുണ്ടെന്നും സർക്കാർ ചുണ്ടിക്കാട്ടുന്നു. എങ്കിലും പോയിന്‍റ് ഓഫ് കോളിൽ അന്തിമ തീരുമാനം കേന്ദ്രത്തിന്‍റേതാകും. വിമാനക്കമ്പനികളുടെ എണ്ണം കുറവായതിനാൽ കണ്ണൂരിൽ നിന്നുള്ള ടിക്കറ്റ് നിരക്കും താരതമ്യേന കൂടുതലാണ്. ഇതും യാത്രക്കാരെ അകറ്റുന്നുണ്ട്.

Follow Us:
Download App:
  • android
  • ios