വർഷത്തിൽ മൂന്നു മാസം വീതം അഞ്ചു വർഷമാണ് കുങ്കി ആനയാകാനുള്ള പരിശീലനം നൽകുന്നത്. ആനകൾക്കൊപ്പം പാപ്പാന്മാർക്കും പരിശീലനം നൽകുന്നുണ്ട്. ഇതിനായി കാപ്പുകാടുള്ള മൂന്നു പാപ്പാന്മാരും ആനകളോടൊപ്പം യാത്ര തിരിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കാപ്പുകാട് നിന്നും ആനകുട്ടികൾ പരിശീലനത്തിനായി മുത്തങ്ങയിലേക്ക്. അഞ്ചു വർഷത്തെ പരിശീലന ശേഷം ഇവർ കുങ്കി ആനകളാകും. കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെ അഗസ്ത്യൻ, ഉണ്ണികൃഷ്ണൻ, സുന്ദരി എന്നീ ആനകുട്ടികളാണ് വയനാട് മുത്തങ്ങയിലേക്ക് പരിശീലനത്തിനായി പോകുന്നത്.

ഇവരിൽ അഗസ്ത്യനെയും ഉണ്ണികൃഷ്ണനെയും ചൊവ്വാഴ്ച വൈകുന്നേരത്തോടെ വനം വകുപ്പിന്റെ എലിഫന്റ് സ്‌ക്വഡ് റാപ്പിഡ് റെസ്പോൺസ് ടീം രണ്ടു പ്രത്യേക വാഹനത്തിൽ വയനാട്ടിലേക്ക് കൊണ്ടുപോയി. സുന്ദരിയെ വ്യാഴാഴ്ച പുലർച്ചയോടെ കൊണ്ടുപോകും. ഇതിനായി ഒരു ആനയെ കോടനാട് ഇറക്കിയ ശേഷം വാഹനം ബുധനാഴ്‌ച കാപ്പുകാടേക്ക് തിരിച്ചിട്ടുണ്ട്.

നാട്ടിലിറങ്ങി അക്രമം കാട്ടുന്ന കാട്ടാനകളെയും കൂടാതെ കാട്ടിൽ നിന്നും ആനകളെ പിടികൂടാനും, ഇങ്ങനെ പിടികൂടുന്ന ആനകളെ മെരുക്കി സങ്കേതത്തിൽ എത്തിക്കാനും തുടർന്ന് ഇവരെ മെരുക്കി നാട്ടാനയുടെ ഗണത്തിലേക്ക് മാറ്റുന്നതിനും ഒക്കെയാണ് കുങ്കി ആനയുടെയും പാപ്പാന്മാരുടെയും സഹായം ആവശ്യമായി വരുന്നത്. വർഷത്തിൽ മൂന്നു മാസം വീതം അഞ്ചു വർഷമാണ് കുങ്കി ആനയാകാനുള്ള പരിശീലനം നൽകുന്നത്. ആനകൾക്കൊപ്പം പാപ്പാന്മാർക്കും പരിശീലനം നൽകുന്നുണ്ട്. ഇതിനായി കാപ്പുകാടുള്ള മൂന്നു പാപ്പാന്മാരും ആനകളോടൊപ്പം യാത്ര തിരിച്ചിട്ടുണ്ട്.

ആൺ ആനകളെയാണ് കുങ്കി ആനയായി കാണുന്നതെങ്കിലും പിടിയാനകൾക്ക് കുങ്കി ആനകൾക്ക് നൽകുന്ന പരിശീലനം നൽകി ആനകളെ തുരത്താനും, മെരുക്കാനുമായി ആൺ ആനകൾക്കൊപ്പം അയക്കാറുണ്ട്. ഇത്തരത്തിൽ പേര് കേട്ട കുങ്കി ആനയാണ് കോടനാട് സങ്കേതത്തിലെ സുനിത എന്ന പിടിയാന. ഇനി സുന്ദരിയും കോടനാടുള്ള ഒരു പിടിയനായും അഗസ്ത്യനും ഉണ്ണികൃഷ്ണനും എലിഫന്റ് സ്‌ക്വഡ് റാപിഡ് റെസ്പോൺസ് ടീം നൽകുന്ന പരിശീലനം പൂർത്തിയാക്കി കുങ്കി ആനകളാകും. മുൻപ് കാപ്പുകാട് കുങ്കി ആനകളെ പരിശീലിപ്പിക്കാൻ സംവിധാനം ഒരുക്കിയെങ്കിലും കാട്ടാനയെ നേരിട്ട് തുരത്തുന്നതിനും ഇവയെ തിരിച്ചറിയുന്നതിനുമായുള്ള പരിശീലനം നൽകാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല.

മുത്തങ്ങയിൽ എത്തുന്ന ആനകൾക്ക് കാട്ടാനകളെ തിരിച്ചറിയാനും ജനവാസകേന്ദ്രത്തിൽ ഉൾപ്പടെ ശല്യം ഉണ്ടാക്കാൻ ഇറങ്ങുന്നവയെ ബഹളം വച്ചും പടക്കം എറിഞ്ഞും തുരത്തുന്നതിനു വേണ്ടി പാപ്പാൻമാർക്കും പരിശീലനം നൽകും. ഇപ്പോൾ ആനകൾ പ്രായം കുറവ് ആണെങ്കിലും പരിശീലനം പൂർത്തി ആകുമ്പോഴേക്കും ഇവർ ഒത്ത ആനകളാകും എന്നാണ് കണക്കു കൂട്ടൽ. ഇത്തരത്തിൽ പരിശീലനം ലഭിച്ച കുങ്കി ആനകൾ പരിസരത്തുണ്ട് എന്ന് മനസിലാക്കിയാൽ തന്നെ കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങി വരില്ല. 

കാട്ടാനകൾ കൂട്ടത്തോടെ വന്നാൽ പോലും ആനപ്പുറത്തിരിക്കുന്ന പാപ്പാന് പൂർണ്ണ സംരക്ഷണം ഒരുക്കി മല്പിടിത്തം വരെ നടത്തി കാട്ടാനകളെ തുരത്താൻ കുങ്കി ആനകൾക്ക് കഴിവുണ്ടാകും. ഇവരുടെ പരിശീലനം കൂടെ കഴിയുന്നതോടെ കാപ്പുകാടേക്ക് കൂടുതൽ ആനകളെ മെരുക്കാനായി കൊണ്ട് വരാനുള്ള സാധ്യതയും ഏറുകയാണ്.