ഇടുക്കി: മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പതിനൊന്നാമത് ഇടുക്കി ജില്ലാ റവന്യൂ സ്കൂൾ കായികമേള സമാപിച്ചു. മൂന്ന് ദിവസമായി നടത്തിയ മേളയിൽ 293 പോയിന്റ് നേടി കട്ടപ്പന സബ് ജില്ല ഓവറോൾ ചാമ്പ്യൻമാരായി. സബ് ജില്ലാ തലത്തിൽ യഥാക്രമം അടിമാലി (195), തൊടുപുഴ (103), നെടുങ്കണ്ടം (68), പീരുമേട് (48), അറക്കുളം (18), മൂന്നാർ (10) എന്നിങ്ങനെ രണ്ട് മുതൽ ഏഴ് വരെ സ്ഥാനങ്ങളിലെത്തി. 

സ്കൂൾ തലത്തിൽ 95 പോയിന്റുമായി എൻ.ആർ. സിറ്റി എസ്.എൻ. വി.എച്ച്.എസ്.എസും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 89 പോയിന്റ് നേടിയ ഇരട്ടയാർ എസ്.റ്റി.എച്ച്. എസ്.എസ്. രണ്ടും, 41 പോയിന്റുമായി മുതലക്കോടം സെന്റ് ജോർജ് എച്ച്.എസ്.എസ്. മൂന്നും സ്ഥാനങ്ങൾ നേടി. സർക്കാർ സ്കൂളുകളിൽ കല്ലാർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാമതും മൂന്നാർ എം.ആർ.എസ്. രണ്ടാം സ്ഥാനവും കരസ്ഥമാക്കി.